മണിപ്പൂരിനെ നടുക്കി വീണ്ടും അക്രമം; മൂന്ന് പാസ്റ്റർമാർ വെടിയേറ്റ് മരിച്ചു, നാല് പേർക്ക് ഗുരുതര പരുക്ക്, വ്യാപക സംഘർഷം

ഇംഫാൽ: മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയിൽ ബുധനാഴ്ച രാവിലെയുണ്ടായ സായുധ ആക്രമണത്തിൽ മൂന്ന് പാസ്റ്റർമാർ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചുരചന്ദ്പൂർ-കാംഗ്പോക്പി റോഡിലെ ‘ടൈഗർ റോഡ്’ എന്ന ഭാഗത്ത് വെച്ചാണ് അക്രമികൾ വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന് വെടിവെപ്പ് നടത്തിയത്. മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ മുൻ ജനറൽ സെക്രട്ടറി റവ. വുംതാങ് സിത്‌ലൗ, പാസ്റ്റർമാരായ പാഓഗൗ, കൈഗൗലിയൻ എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഇവർ താദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ ഭാരവാഹികളാണ്. ചുരചന്ദ്പൂരിലെ മതപരമായ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇവർ.

സംഭവത്തെ തുടർന്ന് കുക്കി സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ചുരചന്ദ്പൂരിൽ അടിയന്തര അനിശ്ചിതകാല ഹർത്താൽ പ്രഖ്യാപിച്ചു. കാംഗ്പോക്പിയിൽ താദൗ സംഘടനകളും പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുണ്ട്. ഹർത്താലിനെ തുടർന്ന് കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞുകിടക്കുകയാണ്. മാധ്യമങ്ങൾ, ആശുപത്രികൾ, വൈദ്യുതി എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംഭവത്തെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് ശക്തമായി അപലപിച്ചു. സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. പരുക്കേറ്റ മൂന്ന് പേരെ ഇംഫാലിലെ ഷിജ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയും ഡെപ്യൂട്ടി മുഖ്യമന്ത്രി ലോസി ദിഖോയും ആശുപത്രിയിലെത്തി ഇവരെ സന്ദർശിച്ചു. പ്രതികളെ ഉടനടി പിടികൂടണമെന്ന് ഒമ്പത് നാഗാ നിയമസഭാംഗങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Violence rocks Manipur again; Three pastors shot dead, four seriously injured, widespread clashes

More Stories from this section

family-dental
witywide