തിരുവനന്തപുരത്തെ നടുക്കി അരുംകൊല, പ്ലസ് ടു വിദ്യാർഥിയെ കൊന്ന് ചാക്കിലാക്കി, പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി വഴി വിളിച്ചുവരുത്തി കൊലപ്പെടുത്തി; പെൺകുട്ടി അടക്കം 3 പേർ പിടിയിൽ

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ ക്രൂരമായി കൊലപ്പെടുത്തി ഒഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാം എം.ഡി. (17) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ പ്രധാന പ്രതിയും ഒരു പെൺകുട്ടിയും ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഭിറാം ശ്രീകാര്യത്തെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരം ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ തിരികെയെത്തുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും കുട്ടി വീട്ടിലെത്തിയില്ല. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തിരോധാനത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അഭിറാമിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങളും ടവർ ലൊക്കേഷനും പരിശോധിച്ചുമാണ് പോലീസ് അന്വേഷണം പുരോഗമിച്ചത്. ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ വ്യാജ ഐഡിയിൽ നിന്ന് മെസ്സേജ് അയച്ച് അഭിറാമിനെ തന്ത്രപൂർവ്വം പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയും മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.

സുഹൃത്തുക്കളിലൊരാൾ നൽകിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാങ്ങപ്പാറയിലെ മദ്യപാനികളും മറ്റും എത്താറുള്ള ഒരു ഒഴിഞ്ഞ പറമ്പിലെ വാഴത്തോട്ടത്തിൽ നിന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കേവലം പതിനേഴുകാരനായ പ്രധാന പ്രതിക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താനും മൃതദേഹം ചാക്കിലാക്കാനും കഴിയില്ലെന്ന നിഗമനത്തിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയത്.

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതേസമയം, പരാതി നൽകിയിട്ടും കുട്ടിയെ കണ്ടെത്തുന്നതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Plus Two Student Murdered and Bagged in Thiruvananthapuram: Lured via Girl’s Instagram Account, 3 in Custody

More Stories from this section

family-dental
witywide