
വാഷിംഗ്ടൺ: വ്യാജവാർത്തകൾ, ഓൺലൈൻ സുരക്ഷ, ഫാക്ട് ചെക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദേശ ഗവേഷകർക്കും മാധ്യമപ്രവർത്തകർക്കും എതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ വിവാദപരമായ വിസ നിയന്ത്രണ നയം യുഎസ് ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. വിദേശ ഗവേഷകരെയും സുരക്ഷാ ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള ഈ നയം നടപ്പാക്കുന്നതിൽ നിന്നാണ് ട്രംപ് ഭരണകൂടത്തെ കോടതി വിലക്കിയിരിക്കുന്നത്.
അമേരിക്കക്കാരുടെ ഓൺലൈൻ അഭിപ്രായപ്രകടനങ്ങളെ സെൻസർ ചെയ്യാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ്, വിദേശ പൗരന്മാർക്കെതിരെ വിസ നിഷേധിക്കൽ, റദ്ദാക്കൽ, തടങ്കലിൽ വെക്കൽ, നാടുകടത്തൽ തുടങ്ങിയ കർശന നടപടികൾക്ക് അനുമതി നൽകുന്ന നയം 2025 മേയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാരിന്റെ ഈ നയം ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള (ഫസ്റ്റ് അമൻഡ്മെന്റ്) അവകാശത്തെ ലംഘിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കൊളംബിയ ഡിസ്ട്രിക്റ്റ് കോടതി ചീഫ് ജഡ്ജി ജെയിംസ് ഇ. ബോസ്ബെർഗ് നിരീക്ഷിച്ചു.
അക്കാദമിക് വിദഗ്ധർ, പത്രപ്രവർത്തകർ, സാങ്കേതിക ഗവേഷകർ എന്നിവരെ പ്രതിനിധീകരിക്കുന്ന കൊയലിഷൻ ഫോർ ഇൻഡിപെൻഡന്റ് ടെക്നോളജി റിസർച്ച് എന്ന ലാഭരഹിത സംഘടനയ്ക്ക് വേണ്ടി നൈറ്റ് ഫസ്റ്റ് അമൻഡ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും പ്രൊട്ടക്റ്റ് ഡെമോക്രസിയും ചേർന്നാണ് ഈ വർഷം ആദ്യം കോടതിയെ സമീപിച്ചത്.
തങ്ങളുടെ ഔദ്യോഗിക ഗവേഷണങ്ങളും വസ്തുതാന്വേഷണങ്ങളും കാരണം വിസ റദ്ദാക്കപ്പെടുമെന്നോ നാടുകടത്തപ്പെടുമെന്നോ ഉള്ള ഭയത്താൽ പല വിദേശ ഗവേഷകരും തങ്ങളുടെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കുകയും ആഗോള സമ്മേളനങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്തതായി സംഘടന കോടതിയെ ബോധിപ്പിച്ചു. ഇത് വ്യക്തിപരമായ വിസ തീരുമാനങ്ങൾ മാത്രമാണെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദത്തെ ജഡ്ജി തള്ളി.
മുൻ യൂറോപ്യൻ കമ്മീഷണർ തിയറി ബ്രെട്ടൻ ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുൻപ് ഈ നയം ഉപയോഗിച്ച് വിസ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2024-ൽ എക്സ്പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്കിന് യൂറോപ്യൻ നിയമപ്രകാരം കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതിനാണ് ബ്രെട്ടന് യുഎസിൽ പ്രവേശന വിലക്ക് നേരിട്ടത്.
കോടതി വിധി സ്വതന്ത്ര സാങ്കേതിക ഗവേഷണങ്ങളുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വലിയ വിജയമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പ്രതികരിച്ചു. കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ ഈ നയം നടപ്പിലാക്കാൻ ട്രംപ് ഭരണകൂടത്തിന് അനുമതിയുണ്ടാവില്ല.
Visa restrictions on fact checkers and researchers; US court slams Trump administration’s move, says it violates freedom of expression













