ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പൊൻപുലരി; നാടുനീളെ വിഷു ആഘോഷം, ഗുരുവായൂരപ്പനെ കണികണ്ട് ഭക്തലക്ഷങ്ങൾ

തിരുവനന്തപുരം: കാർഷിക സംസ്കാരത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ വിഷു ആഘോഷത്തിൽ മുങ്ങി കേരളം. കണിക്കൊന്നയുടെ മഞ്ഞപ്പട്ടുടുത്ത പ്രകൃതിയിൽ, നന്മയുടെയും പ്രതീക്ഷയുടെയും പുത്തൻ പുലരിയെയാണ് ഓരോ മലയാളിയും വരവേറ്റത്. കുടുംബത്തിലെ മുതിർന്നവർ ഒരുക്കിയ കണിവെള്ളരിയും, കൊന്നപ്പൂവും, വാൽക്കണ്ണാടിയും, കൃഷ്ണവിഗ്രഹവും ചേർന്ന വിഷുക്കണി കണ്ടാണ് വിശ്വാസികൾ പുതുവർഷത്തിലേക്ക് കണ്ണുതുറന്നത്. മുതിർന്നവരിൽ നിന്നും കൈനീട്ടം വാങ്ങുന്ന തിരക്കിലായിരുന്നു കുട്ടികൾ. സമൃദ്ധിയുടെ പങ്കുവെക്കലായി കരുതുന്ന ഈ ചടങ്ങിനൊപ്പം പുതുവസ്ത്രങ്ങൾ അണിഞ്ഞും പടക്കം പൊട്ടിച്ചും ആഘോഷങ്ങൾ പൊടിപൊടിക്കുന്നു. മധുരമൂറുന്ന പായസവും കയ്പും പുളിയും ഉപ്പും ചേർന്ന വിഷുക്കട്ടയും സദ്യയിലെ പ്രത്യേകതകളാണ്.

ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ തന്നെ കണി ദർശനത്തിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തർ ഭഗവാനെ കണികണ്ടുണർന്നു.പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് പുലർച്ചെ 2:55 മുതൽ 3:55 വരെ ആയിരുന്നു ക്ഷേത്രത്തിലെ ഔദ്യോഗിക വിഷുക്കണി ദർശനം. മേൽശാന്തി ടി. എം. കൃഷ്ണൻ നമ്പൂതിരി സ്വർണ്ണ ശ്രീലകവാതിൽ തുറന്ന് ഭഗവാനെ ആദ്യം കണി കാണിക്കുകയും തുടർന്ന് ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കുകയും ചെയ്തു. കണികണ്ട് പുറത്തിറങ്ങുന്ന ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി. ഇത് സ്വീകരിക്കാൻ പുലർച്ചെ മുതൽ വലിയ നിരയാണ് ക്ഷേത്ര പരിസരത്ത് ദൃശ്യമായത്. കണി ദർശനത്തിന് ശേഷം നിർമ്മാല്യം, വാകച്ചാർത്ത്, അഭിഷേകം തുടങ്ങിയ പതിവ് ചടങ്ങുകളും വിശേഷാൽ പൂജകളും നടന്നു.

കണ്ണൻ കണികണ്ടു കഴിഞ്ഞാൽ ഭക്തർക്കുള്ള അവസരമാണ്. ശ്രീകോവിലിന് അകത്തെ മുഖമണ്ഡപത്തിൽ അലങ്കരിച്ച സ്വർണപീഠത്തിൽ കണിക്കോപ്പുകളും ഗുരുവായൂരപ്പൻ്റെ തങ്കത്തിടമ്പും എഴുന്നള്ളിച്ചു വയ്ക്കും. ശ്രീകോവിലിനു മുന്നിലെ നമസ്കാര മണ്ഡപത്തിലും കണ്ണൻ്റെ ചെറിയ കോലം വച്ചു കണിയൊരുക്കും. ഭക്‌തർ നാലമ്പലത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നെ നമസ്ക്‌കാര മണ്ഡപത്തിലെ കണി ആദ്യം കാണാം. സോപാനത്തിനു മുന്നിലെത്തിയാൽ കണ്ണനെയും കണിക്കോപ്പുകളും ഒരുമിച്ചു കാണാം. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, നാണ്യം എന്നീ കണിക്കോഡുകൾ കീഴ്‌ശാന്തിക്കാർ ഇന്നലെ രാത്രി തന്നെ ഒരുക്കിവെച്ചിരുന്നു.

വിഷുനാളിൽ ദേവസ്വം വകയായി കാലത്തും ഉച്ചകഴിഞ്ഞും മേളത്തോടെ കാഴ്ചശീവേലി ഉണ്ടാകും. കാലത്ത് ഗുരുവായൂർ ശശി മാരാരും ഉച്ചകഴിഞ്ഞ് കക്കാട് രാജപ്പൻ മാരാരും പഞ്ചാരിമേളം നയിക്കും. രാത്രി തെക്കുമുറി ഹരിദാസിൻ്റെ വഴിപാടായി വിഷുവിളക്ക് എഴുന്നള്ളിപ്പ്. വിഷു വിശേഷമായി ഗുരുവായൂരപ്പന് ദേവസ്വം വക നമസ്‌കാര സദ്യയുണ്ട്. ഭക്തർക്കുള്ള വിഷു സദ്യയിൽ പാൽപായസം വിളമ്പും. വരി നിൽക്കാതെ ദർശനം നടത്താനുള്ള നെയ്‌വിളക്ക് ശീട്ട് കാലത്ത് 7 മുതൽ മാത്രമേ നൽകൂ. തിരക്കേറിയാൽ നെയ്‌ വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും.

രാവിലെ 7 മണി മുതൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയ ഭക്തർക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്.വിഷുദിനത്തോടനുബന്ധിച്ച് വിപുലമായ വിഭവങ്ങളോട് കൂടിയ വിഷുസദ്യ പ്രസാദ ഊട്ടായി ഭക്തർക്ക് നൽകുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.

devotees visit Guruvayurappan on Vishu day

More Stories from this section

family-dental
witywide