‘വെടിയുതിർക്കാൻ മടിയില്ല, കുറേപ്പേര് മരിക്കും’; വിവാദ പരാമർശത്തിൽ ടി.ജി. മോഹൻദാസിനെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടി.ജി.മോഹൻദാസിനെതിരെ സൈബർ പൊലീസ് കേസെടുത്തു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

മാധ്യമപ്രവർത്തകൻ ഉണ്ണിബാലകൃഷ്ണൻ്റെ യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് ടി.ജി.മോഹൻദാസ് വിവാദ പ്രസ്താവന നടത്തിയത്. ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ അതിന് മടിയില്ലെന്നും, സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനികളെയും ഇടതുപക്ഷ ചിന്താഗതിയുള്ള സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമാണ് അദ്ദേഹം നടത്തിയത്. ‘‘ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോടു പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല… കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും… ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’’ – എന്നായിരുന്നു മോഹൻദാസിന്റെ ഒരു പ്രസ്താവന.

സ്ത്രീത്വത്തെ അപമാനിക്കൽ, കലാപാഹ്വാനം, വിദ്വേഷ പ്രസംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, മോഹൻദാസിൻ്റെ പ്രസ്താവന വ്യക്തിപരമാണെന്നും ആർഎസ്എസിന് ഇതിൽ പങ്കില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Case filed against T.G. Mohandas for incitement to riot over controversial remark

More Stories from this section

family-dental
witywide