അമേരിക്കൻ സംസ്ഥാനത്തിന്റെ ആനുകൂല്യങ്ങൾ വേണം; തീരുവ തർക്കത്തിനിടെ കാനഡയെ വീണ്ടും 51-ാം സംസ്ഥാനമെന്ന് പരിഹസിച്ച് ട്രംപ്

വാഷിങ്ടൺ: അമേരിക്കയും കാനഡയും വീണ്ടും വ്യാപാര തർക്കത്തിൽ അകപ്പെട്ടിരിക്കെ അയൽരാജ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയ്ക്ക് അമേരിക്കൻ സംസ്ഥാനമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ വേണമെന്നും എന്നാൽ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകാൻ തയ്യാറല്ലെന്നും ആരോപിച്ചാണ് ട്രംപ് വീണ്ടും 51-ാം സംസ്ഥാനം’ എന്ന പരാമർശം നടത്തിയത്.

“ഒരു സംസ്ഥാനമാകാതെ തന്നെ ഒരു സംസ്ഥാനത്തിനുള്ള ആനുകൂല്യങ്ങൾ കാനഡയ്ക്ക് വേണം!!! വർഷങ്ങളായി നമ്മുടെ മികച്ച കർഷകരിൽ നിന്ന് അവർ വൻതോതിൽ തീരുവ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇനി അതുണ്ടാകില്ല!!!” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ട്രംപ് കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ പ്രതികരണത്തിനിടെയാണ് ട്രംപിന്റെ പുതിയ പരാമർശം. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയ്ക്ക് “ഡോളറിന് ഡോളർ” എന്ന നിലയിൽ തുല്യമായ തിരിച്ചടി നൽകുമെന്ന് കാർണി വ്യക്തമാക്കിയിരുന്നു.

തീരുവ ചുമത്തിയത് “കാനഡയ്ക്കെതിരായ ആക്രമണമാണ്” എന്ന് വിശേഷിപ്പിച്ച കാർണി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഈ ആഴ്ച അവസാനം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യമായ കാനഡയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.

‘Wants benefits of US state’: Trump hits back at Canada with ’51st state’ jibe amid tariff row

More Stories from this section

family-dental
witywide