
വാഷിംഗ്ടൺ: അമേരിക്കയിലെ ടെന്നസിയിൽ വ്യാപാര സ്ഥാപനത്തിൽ നടന്ന സായുധ കവർച്ചയ്ക്കിടെ ഗുജറാത്തി വംശജനായ ഉടമ വെടിയേറ്റു മരിച്ചു. ഗുജറാത്തിലെ മെഹ്‌സാന ജില്ലക്കാരനായ സുരേഷ് പട്ടേൽ (62) ആണ് കൊല്ലപ്പെട്ടത്. അക്രമിയുടെ വെടിയേറ്റ് സുരേഷ് പട്ടേൽ സംഭവസ്ഥലത്തുതന്നെ മരിക്കുമ്പോൾ, അദ്ദേഹത്തിൻ്റെ പത്തൊൻപതുകാരിയായ മകൾ ഭീതിയോടെ അരികിൽ നിൽക്കുകയായിരുന്നുവെന്ന് ജാക്സൺ പൊലീസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ജാക്സണിലെ ‘റിഡ്ജ്ക്രെസ്റ്റ് സെല്ലേഴ്സ് വൈൻ ആൻഡ് സ്പിരിറ്റ്സ്’ എന്ന കടയിലായിരുന്നു ദാരുണമായ സംഭവം.
മികച്ച ജീവിതസാഹചര്യങ്ങൾ തേടി മുപ്പത് വർഷങ്ങൾക്ക് മുൻപാണ് സുരേഷ് പട്ടേൽ അമേരിക്കയിലേക്ക് കുടിയേറിയത്. കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണ് അദ്ദേഹം ഈ കടയുടെ പുതിയ ഉടമയായി ചുമതലയേറ്റതെന്ന് കുടുംബാംഗങ്ങളും പ്രാദേശിക മാധ്യമങ്ങളും വ്യക്തമാക്കുന്നു. കട ഏറ്റെടുത്ത് കൃത്യം മൂന്നാം ദിവസമാണ് ഈ ദുരന്തം സംഭവിച്ചത്.
മുഖംമൂടി ധരിച്ചെത്തിയ അക്രമി കടയിലെ ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് പണം കൈക്കലാക്കിയ ശേഷം ഇയാൾ സുരേഷ് പട്ടേലിന് നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനിടയിൽ പരിഭ്രാന്തയായി താഴെ വീണ, കടയിലെ മുതിർന്ന ജീവനക്കാരിയായ എഴുപതുകാരിയുടെ കൈത്തണ്ടയ്ക്ക് ഒടിവുണ്ട്.
പെയിന്റ്ബോൾ മാസ്ക് ഉപയോഗിച്ച് മുഖം മറച്ച, ഗ്രേ ഹൂഡിയും ജീൻസും ധരിച്ച കറുത്തവർഗ്ഗക്കാരനാണ് അക്രമിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കൃത്യത്തിന് ശേഷം ഇയാൾ ഒരു വെള്ള സെഡാൻ കാറിലാണ് രക്ഷപ്പെട്ടത്. പ്രതി സായുധനും അപകടകാരിയുമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയ ജാക്സൺ പൊലീസ്, വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സിലോ പൊലീസ് ഡിപ്പാർട്ട്മെന്റിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
അമേരിക്കയിൽ ഇന്ത്യൻ വംശജർക്ക്, പ്രത്യേകിച്ച് ഗുജറാത്തി കമ്മ്യൂണിറ്റിയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അക്രമാസക്തമായ കവർച്ച പരമ്പരകളിൽ പ്രവാസി സമൂഹം കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ടെന്നസിയിലെ ഒരു ഗ്യാസ് സ്റ്റേഷനിലുണ്ടായ കവർച്ചയ്ക്കിടെ പരേഷ് പ്രിൻസ് പട്ടേൽ (30) എന്ന യുവാവ് വെടിയേറ്റു മരിച്ചിരുന്നു. ഇതിനുപിന്നാലെ വിർജീനിയയിലെ നോർഫോക്കിൽ മേഘ്‌ന പട്ടേൽ എന്ന സ്ത്രീയും, സെപ്റ്റംബറിൽ തന്റെ കടയിൽ കയറിയ കവർച്ചക്കാരനെ ധീരമായി നേരിടുന്നതിനിടെ കിരൺ പട്ടേൽ എന്ന വ്യാപാരിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ ഞെട്ടൽ മാറും മുൻപാണ് പ്രവാസി സമൂഹത്തെ വീണ്ടും കണ്ണീരിലാഴ്ത്തി പുതിയ കൊലപാതകം നടന്നിരിക്കുന്നത്.
Indian-origin businessman shot dead during robbery in US; 19-year-old daughter witnesses the tragedy













