
കല്പറ്റ: വയനാട് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിയന്തരമായി ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ സുപ്രധാന തീരുമാനം അറിയിച്ചത്. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തികൾ പൂർണ്ണമായി നിർത്തിവെയ്ക്കും.
അപകട സാധ്യതകൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും പദ്ധതിയുടെ നിർമാണം പുനരാരംഭിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടമുണ്ടാകാനുണ്ടായ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ചും ശാസ്ത്രീയമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും വിശദമായ സാങ്കേതികവും നിയമപരവുമായ പരിശോധന നടത്തും. തുരങ്ക നിർമാണത്തിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച കർശനമായ വ്യവസ്ഥകളും നിർദ്ദേശങ്ങളും കരാർ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കും.
കമ്പനിക്കെതിരെ നടപടിപദ്ധതി പ്രദേശത്ത് മണ്ണ് നീക്കം ചെയ്യാൻ ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും കർശന നിർദ്ദേശം നൽകിയിട്ടും കരാർ കമ്പനി അത് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൈൽ ചെയ്ത് കൂട്ടിയ മണ്ണ് യഥാസമയം മാറ്റാത്തതാണ് അപകടത്തിന് കാരണമായത്. ഇത് മനുഷ്യനിർമ്മിത ദുരന്തമാണെന്നും വീഴ്ച വരുത്തിയ കരാർ കമ്പനിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകും. പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ ഏറ്റെടുക്കും. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, കൃഷി മന്ത്രി ടി. സിദ്ദിഖ് എന്നിവർ സംഭവസ്ഥലത്ത് നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
അതേ സമയം, വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിൽ ആണ്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങി.
Wayanad tunnel disaster: Chief Minister V.D. Satheesan announces dual investigation; Construction will be halted, search continues for 5 missing people















