ചൈനയിൽ മെയ്സാക് ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു; അണക്കെട്ട് തകർന്നു, 48,000 പേരെ ഒഴിപ്പിച്ചു

ബീജിങ്: ചൈനയുടെ തെക്കൻ പ്രവിശ്യകളിൽ കനത്ത നാശം വിതച്ച് ‘മെയ്സാക്’ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അതിശക്തമായ പ്രളയത്തിൽ ഗ്വാങ്‌സി പ്രവിശ്യയിലെ 66 വർഷം പഴക്കമുള്ള പ്രധാന അണക്കെട്ട് തകർന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് 48,000-ത്തിലധികം ആളുകളെ അധികൃതർ അടിയന്തരമായി ഒഴിപ്പിച്ചു.

ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തെ ഹെങ്‌ഷൗവിലുള്ള ‘ലിയുലാൻ’ റിസർവോയറിൻ്റെ ഭിത്തിയാണ് തകർന്നത്. അണക്കെട്ടിൽ ഏകദേശം 50 മീറ്ററോളം നീളത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് വൻതോതിൽ വെള്ളം പുറത്തേക്കൊഴുകി. ഇത് സമീപത്തുള്ള യുൻബിയാവോ റിസർവോയറിനെക്കൂടി ബാധിച്ചതോടെ നാൽപ്പതോളം ഗ്രാമങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി. കൃഷിയിടങ്ങളും വീടുകളും പൂർണ്ണമായി തകർന്ന നിലയിലാണ്.

പ്രവിശ്യാ തലസ്ഥാനമായ നാനിങ് നഗരത്തിൽ മാത്രം 55,000-ലധികം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. മേഖലയിലെ റെയിൽ, ജലഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി സ്തംഭിച്ചു. നാനിങ്ങിൽ നിന്ന് വിയറ്റ്‌നാമിലേക്കുള്ള അന്താരാഷ്ട്ര ട്രെയിൻ സർവീസുകളും മുന്നൂറിലധികം പാസഞ്ചർ ബോട്ട് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. പലയിടങ്ങളിലും കനത്ത കാറ്റിലും മഴയിലും ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദുരന്തസാഹചര്യം കണക്കിലെടുത്ത് ഗ്വാങ്‌സി മേഖലയിൽ പ്രളയ പ്രതിരോധത്തിനായി ഏറ്റവും ഉയർന്ന ‘ലെവൽ 1’ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഗ്രാമീണർക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിനും ആളുകളെ കണ്ടെത്തുന്നതിനും ചൈനീസ് ദുരന്തനിവാരണ സേന വിപുലമായ രീതിയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. അതിനിടെ, മേഖലയിലേക്ക് ‘ബാവി’ എന്ന മറ്റൊരു ചുഴലിക്കാറ്റുകൂടി അടുത്തുകൊണ്ടിരിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് ചൈനീസ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.

Typhoon Maysak wreaks havoc in China; dam collapses, 48,000 evacuated

More Stories from this section

family-dental
witywide