അമേരിക്കയിൽ കടുത്ത വിസ നിയന്ത്രണങ്ങളുമായി ട്രംപ്; H-1B, ഗ്രീൻ കാർഡ് നിയമങ്ങൾ മാറും; ജോലി മാത്രമല്ല, കുടുംബവും പ്രതിസന്ധിയിൽ, ഇന്ത്യക്കാർക്ക് നെഞ്ചിടിപ്പ്!

വാഷിംഗ്ടൺ: അമേരിക്കയിൽ ജോലിയും ഉപരിപഠനവും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വരും നാളുകൾ കഠിനമാകും. വിദേശ ജീവനക്കാരുടെ എച്ച്-1ബി വിസ സ്പോൺസർഷിപ്പ് ചെലവ് വൻതോതിൽ വർദ്ധിപ്പിക്കുന്നതിനൊപ്പം, വിസ കാലാവധി നീട്ടുന്നതിനുള്ള ആനുകൂല്യങ്ങൾ അവസാനിപ്പിക്കാനും ട്രംപ് ഭരണകൂടം പുതിയ നിയമങ്ങൾ കൊണ്ടുവരികയാണ്. യുഎസിലെ വിദേശ വിദ്യാർത്ഥികളിൽ 31 ശതമാനത്തോളം വരുന്ന ഇന്ത്യക്കാരെയും, ലക്ഷക്കണക്കിന് ഐടി പ്രൊഫഷണലുകളുടെ കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്നതാണ് വരാനിരിക്കുന്ന ഈ പുതിയ കുടിയേറ്റ അജണ്ട.

യുഎസിലെ ഏറ്റവും ജനപ്രിയ തൊഴിൽ വിസയായ എച്ച്-1ബി, ജോലി അധിഷ്ഠിത ഗ്രീൻ കാർഡുകൾ, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ കാലാവധി, അവർക്ക് ലഭ്യമായ ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (ഒപിടി) എന്നിവയിലാണ് കർശനമായ നിയന്ത്രണങ്ങൾ വരുന്നത്. യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, ഡിപ്പാർട്ട്മെൻ്റ് ഓഫ് ലേബർ (ഡിഎഎൽ), ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് (ഡിഒഎസ്) എന്നിവ പുറത്തുവിട്ട പുതിയ റഗുലേറ്ററി അജണ്ടയിലാണ് ഈ നിർദ്ദേശങ്ങളുള്ളത്. വരും മാസങ്ങളിൽ നടപ്പിലാക്കാൻ പോകുന്ന ഈ നിയമങ്ങൾ യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും ആശങ്കയിലാഴ്ത്തുന്നതാണ്.

എച്ച് -1 ബി വിസകളിൽ കടുത്ത നിയന്ത്രണം, കമ്പനികൾക്ക് ചെലവേറും

പ്രതിവർഷം അനുവദിക്കുന്ന 85,000 എച്ച്-1 ബി വിസകളുടെ പരിധിയിൽ നിന്ന് നിലവിൽ സർവ്വകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും നൽകിയിട്ടുള്ള ഇളവുകൾ കർശനമാക്കാൻ ഭരണകൂടം പദ്ധതിയിടുന്നു.

തേർഡ് പാർട്ടി ക്ലയൻ്റ് സൈറ്റ് നിയന്ത്രണം

ഇന്ത്യൻ ഐടി കൺസൾട്ടിംഗ് കമ്പനികൾ തങ്ങളുടെ ജീവനക്കാരെ മറ്റ് പ്രമുഖ യുഎസ് കമ്പനികളുടെ ഓഫീസുകളിൽ ഇരുത്തി ജോലി ചെയ്യിക്കുന്ന രീതിക്ക് ഇനി കടുത്ത നിയന്ത്രണങ്ങൾ വരും. യഥാർത്ഥ തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകളും, ജീവനക്കാരൻ അവിടെ ചെയ്യുന്നത് പ്രത്യേക വൈദഗ്ധ്യമുള്ള ജോലി തന്നെയാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകളും ഹാജരാക്കേണ്ടി വരും. മുൻപ് നിയമലംഘനം നടത്തിയിട്ടുള്ള കമ്പനികൾക്ക് മേൽ കടുത്ത നിരീക്ഷണമുണ്ടാകും.

കൂടിയ വേതന നിരക്ക്

എച്ച്-1 ബി അപേക്ഷകൾക്കുള്ള കുറഞ്ഞ വേതന നിരക്ക് വർദ്ധിപ്പിക്കാൻ ലേബർ ഡിപ്പാർട്ട്മെൻ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് തുടക്കക്കാരായ ജീവനക്കാർക്ക് നൽകേണ്ട കുറഞ്ഞ ശമ്പള പരിധി ഉയരും. ഇത് വിദേശ ജീവനക്കാരെ നിയമിക്കുന്നതിൽ കമ്പനികളുടെ സ്പോൺസർഷിപ്പ് ചെലവ് വൻതോതിൽ വർദ്ധിപ്പിക്കും.

അധിക വിസ ഫീസ്

യുഎസിൽ 50-ൽ അധികം ജീവനക്കാരുള്ളതും, അതിൽ പകുതിയിലധികം പേർ എച്ച്-1ബി അല്ലെങ്കിൽ എൽ-1 വിസയുള്ളവരുമായ വൻകിട കമ്പനികൾക്ക് പ്രത്യേക അധിക ഫീസ് ($4,000 – $4,500) ഏർപ്പെടുത്തും. ഇനി മുതൽ പുതിയ വിസയ്ക്ക് മാത്രമല്ല, നിലവിലുള്ള ജീവനക്കാരുടെ വിസ കാലാവധി നീട്ടുന്നതിനും ഈ ഫീസ് നൽകേണ്ടി വരും. ഇത് ഇന്ത്യൻ ഐടി ഔട്ട്‌സോഴ്‌സിംഗ് കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകും.

ഗ്രീൻ കാർഡ് പ്രക്രിയയിൽ വലിയ മാറ്റങ്ങൾ

ഒരു തൊഴിലുടമ ഗ്രീൻ കാർഡ് അപേക്ഷ ഫയൽ ചെയ്യുന്നതിന് മുൻപ് നേടേണ്ട ‘പെർം’ (PERM) ലേബർ സർട്ടിഫിക്കേഷൻ പ്രക്രിയ പൂർണ്ണമായും പരിഷ്കരിക്കും. നിലവിലെ കുടിയേറ്റ നിയമപ്രകാരം വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിന് മുൻപ് യുഎസ് തൊഴിലാളികളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കും. അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം.

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിശ്ചിത വിസ കാലാവധി മാത്രം

യുഎസിലെ മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 31 ശതമാനത്തോളം (ഏകദേശം 3.6 ലക്ഷം) വരുന്നത് ഇന്ത്യയിൽ നിന്നാണ്. പുതിയ നിയമങ്ങൾ വിദ്യാർത്ഥി സമൂഹത്തെയും പ്രതികൂലമായി ബാധിക്കും. നിലവിൽ വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്സ് കാലയളവ് മുഴുവൻ യുഎസിൽ തുടരാൻ അനുവദിക്കുന്ന രീതി അവസാനിക്കും. പകരം പരമാവധി 4 വർഷം വരെയുള്ള നിശ്ചിത കാലാവധി വിസകളായിരിക്കും നൽകുക. കോഴ്സ് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെങ്കിൽ ഇമിഗ്രേഷൻ അധികൃതർക്ക് പ്രത്യേകം അപേക്ഷ നൽകി കാലാവധി നീട്ടേണ്ടി വരും. കൂടാതെ, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ (STEM) പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്സിന് ശേഷം ലഭിക്കുന്ന 2 വർഷത്തെ ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (എപിടി) ആനുകൂല്യങ്ങളിലും കരിക്കുലർ പ്രാക്ടിക്കൽ ട്രെയിനിംഗിലും സിപിടി) കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഭരണകൂടം ആലോചിക്കുന്നുണ്ട്.

EAD സ്വയമേവ നീട്ടുന്നത് നിർത്തലാക്കുന്നു; എച്ച്-4 വിസക്കാർക്ക് തിരിച്ചടി

എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റുകളുടെ (EAD) അപേക്ഷ കൃത്യസമയത്ത് സമർപ്പിക്കുന്നവർക്ക് ലഭിച്ചിരുന്ന പരമാവധി 540 ദിവസത്തെ ഓട്ടോമാറ്റിക് കാലാവധി നീട്ടൽ ആനുകൂല്യം പൂർണ്ണമായും നിർത്തലാക്കുകയാണ്.

ഇത് ഏറ്റവും കൂടുതൽ ബാധിക്കുക എച്ച്-1ബി വിസക്കാരുടെ പങ്കാളികളായ എച്ച്-4 വിസയുള്ളവരെയാണ്. യുഎസിൽ ഒരു ലക്ഷത്തോളം ഇന്ത്യൻ പങ്കാളികൾ (ഭൂരിഭാഗവും സ്ത്രീകൾ) ഈ വർക്ക് പെർമിറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമപ്രകാരം, നിലവിലുള്ള പെർമിറ്റ് കാലാവധി കഴിഞ്ഞാൽ പുതിയ അപേക്ഷ യുഎസ്‌സിഐഎസ് അംഗീകരിക്കുന്നത് വരെ ഇവർക്ക് ജോലി ചെയ്യാൻ കഴിയില്ല. യുഎസ്‌സിഐഎസ് അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ സാധാരണയായി വലിയ സമയമെടുക്കുന്നതിനാൽ, പലർക്കും തൊഴിൽ നഷ്ടപ്പെടാനും വലിയൊരു കാലയളവ് ജോലിയില്ലാതെ ഇരിക്കേണ്ടി വരാനും ഇത് കാരണമാകും.

ഭരണകൂടത്തിൻ്റെ ഔദ്യോഗിക അജണ്ട പുറത്തുവന്നിട്ടുണ്ടെങ്കിലും, ഈ നിർദ്ദേശങ്ങൾ പൂർണ്ണമായ നിയമമായി മാറുന്നതിന് മുൻപ് പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണവും വിവിധ നിയമപരമായ പ്രക്രിയകളും പൂർത്തിയാക്കേണ്ടതുണ്ട്. എങ്കിലും, വരും വർഷങ്ങളിൽ യുഎസിലേക്കുള്ള കുടിയേറ്റവും തൊഴിൽ സാധ്യതകളും കൂടുതൽ കഠിനമാകുമെന്ന വ്യക്തമായ സൂചനയാണ് ഈ നീക്കങ്ങൾ നൽകുന്നത്.

Trump with strict visa restrictions in the US; H-1B and Green Card rules will change; A major blow to the Indian IT sector and students

More Stories from this section

family-dental
witywide