
ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ സൗത്ത് ലോസ് ഏഞ്ചൽസിൽ തെരുവ് ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ മോട്ടൽ കേന്ദ്രീകരിച്ച് വൻതോതിൽ ലൈംഗിക വ്യാപാരവും മനുഷ്യക്കടത്തും നടത്തിയ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ അറസ്റ്റിൽ. സൗത്ത് ലോസ് ഏഞ്ചൽസിലെ ‘സ്റ്റേഡിയം ഇൻ ആൻഡ് സ്പാ’ മോട്ടലിൻ്റെ ഓൺ-സൈറ്റ് മാനേജരായ മുകേഷ്കുമാർ രാംഭായ് അഹിർ (45) ആണ് യു.എസ് ഫെഡറൽ അധികൃതരുടെ പിടിയിലായത്. ‘ഓപ്പറേഷൻ ബ്രോക്കൺ ബ്ലേഡ്’ എന്ന പേരിൽ നടത്തിയ വൻ റെയ്ഡിൽ മുകേഷ്കുമാർ ഉൾപ്പെടെ പത്ത് പ്രതികളെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ലോസ് ഏഞ്ചൽസിലെ കുപ്രസിദ്ധമായ ഫിഗറോവ കോറിഡോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഹൂവർ ക്രിമിനൽ ഗാംഗ്’ എന്ന ഗുണ്ടാസംഘവുമായാണ് ഇയാൾ കൈകോർത്തിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും മോട്ടൽ മുറികൾ കേന്ദ്രീകരിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ഇയാൾ ഒത്താശ ചെയ്യുകയും ഇതിലൂടെ വലിയ തുക ലാഭമായി കൈപ്പറ്റുകയും ചെയ്തു.
കബളിപ്പിക്കപ്പെട്ട് കെണിയിൽ അകപ്പെട്ട 14 വയസ്സുകാരുൾപ്പെടെ 51 ഓളം പെൺകുട്ടികളെയാണ് ഈ സംഘം ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. ഈ അനധികൃത ഇടപാടിലൂടെ ഇയാൾ 64,581 യു.എസ് ഡോളർ (ഏകദേശം 54 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി ഫെഡറൽ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
കുറ്റകൃത്യത്തിൽ പങ്കാളികളായ ഗുണ്ടാസംഘാംഗങ്ങൾക്കും മോട്ടൽ മാനേജർക്കുമെതിരെ മനുഷ്യക്കടത്ത്, പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് 15 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാമെന്ന് യു.എസ് അറ്റോർണി ഓഫീസ് അറിയിച്ചു.
51 girls, including 14-year-olds, were victims; Indian-origin man arrested in US for prostitution with gangs















