
നജാഫ് (ഇറാഖ്): ഇറാഖിലെ ചരിത്രപ്രസിദ്ധമായ നജാഫ് നഗരത്തിലേക്ക് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിൽ പങ്കുചേരാൻ ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് ജനങ്ങൾ. സമയം വൈകുംതോറും ജനക്കൂട്ടം ദശലക്ഷങ്ങളായി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഷിയാ മുസ്‌ലിംകളുടെ ഏറ്റവും പവിത്രമായ മൂന്നാമത്തെ പുണ്യസ്ഥലമായ നജാഫിൽ ഏകദേശം 6 കിലോമീറ്റർ (4 മൈൽ) ദൂരത്തിലാണ് വിലാപയാത്ര നിശ്ചയിച്ചിരിക്കുന്നത്. വലിയ മതപരമായ തീർത്ഥാടനങ്ങൾക്ക് സാക്ഷ്യം വഹിക്കാറുള്ള നഗരത്തിൽ, ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ചടങ്ങുകളിലൊന്നായി ഇത് മാറിക്കഴിഞ്ഞു.
അതേസമയം, പ്രായധിക്യവും കടുത്ത ആരോഗ്യപ്രശ്നങ്ങളും മൂലം ഇറാഖിലെ പ്രമുഖ ഷിയാ മതനേതാവായ ഗ്രാൻഡ് ആയത്തുള്ള അലി അൽ സിസ്താനി ചടങ്ങുകളിൽ പങ്കെടുക്കില്ല. 90 വയസ്സ് പിന്നിട്ട അദ്ദേഹത്തിൻ്റെ ശാരീരികാവസ്ഥയും നിലവിൽ ദക്ഷിണ-മധ്യ ഇറാഖിൽ അനുഭവപ്പെടുന്ന 45 ഡിഗ്രി സെൽഷ്യസ് (113 ഫാരൻഹീറ്റ്) എന്ന കടുത്ത ചൂടും കണക്കിലെടുത്താണ് തീരുമാനം. ഇത് രാഷ്ട്രീയപരമായ വിട്ടുനിൽക്കലല്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
നജാഫിലെ ചടങ്ങുകൾക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ ഭൗതികശരീരം ഷിയാക്കളുടെ നാലാമത്തെ പുണ്യസ്ഥലമായ കർബലയിലേക്ക് കൊണ്ടുപോകും. എ.ഡി 680-ൽ നടന്ന ചരിത്രപ്രസിദ്ധമായ കർബല യുദ്ധത്തിൻ്റെ പശ്ചാത്തലമുള്ള ഇവിടെയും വൻ ജനക്കൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നത്. കർബലയിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം ഇന്ന് രാത്രിയോടെ ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്കായി ഇറാനിലേക്ക് തിരികെ കൊണ്ടുപോകും. ജൂലൈ 9 വ്യാഴാഴ്ച ഇറാനിലെ മഷ്‌ഹദിലുള്ള ഇമാം റെസാ മസ്ജിദിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, . ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി യു.എസ് സൈന്യം ഇറാനിലെ 80-ലധികം കേന്ദ്രങ്ങളിൽ കനത്ത ആക്രമണം നടത്തുന്നതിനിടയിലാണ് അയൽരാജ്യമായ ഇറാഖിൽ ഖമേനിയുടെ വിലാപയാത്രയും പൊതുദർശന ചടങ്ങുകളും നടക്കുന്നത്. ഫെബ്രുവരി 28-ന് നടന്ന യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. വിലാപയാത്രയിൽ പങ്കെടുക്കുന്ന ജനങ്ങൾ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത പ്രതിഷേധവും പ്രതികാര മുദ്രാവാക്യങ്ങളും ഉയർത്തുന്നുണ്ട്. ഇറാനും യു.എസും തമ്മിൽ താല്കാലിക വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഹോർമുസിലെ സംഘർഷത്തെ തുടർന്ന് വീണ്ടും കനത്ത യു.എസ് ആക്രമണം ഉണ്ടായത്. ആക്രമണ വാർത്തയെ തുടർന്ന് ഇറാഖിലെ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ തൻ്റെ സന്ദർശനം വെട്ടിച്ചുരുക്കി അടിയന്തിരമായി മടങ്ങി.
Khamenei’s public appearance continues despite US attacks, with millions gathering















