കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; 570 ഏക്കറിലേറെ പ്രദേശം കത്തിനശിച്ചു, 16,000 പേരെ ഒഴിപ്പിക്കുന്നു

കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേന രാത്രിയിലും പ്രവർത്തനം തുടരുന്നു. തീപിടിത്തത്തെത്തുടർന്ന് പ്രദേശത്തെ ചില മേഖലകളിൽ ജനങ്ങളോട് ഒഴിഞ്ഞുപോകാനുള്ള നിർദേശം ഇപ്പോഴും നിലവിലുണ്ട്. ഏകദേശം 4,600 വീടുകളും 16,000ത്തോളം ആളുകളും ഒഴിപ്പിക്കൽ മേഖലയിലുണ്ടെന്ന് ഓറഞ്ച് കൗണ്ടി ഫയർ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ സാൻ ക്ലെമെന്റെയിൽ ആരംഭിച്ച നോർട്ടെ കാട്ടുതീ ഇതിനകം 570 ഏക്കറിലേറെ പ്രദേശത്തേക്ക് വ്യാപിച്ചു.

ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം തീയുടെ അഞ്ച് ശതമാനം മാത്രമാണ് നിയന്ത്രണവിധേയമായത്. സാൻ ക്ലെമെന്റെയിലെ ഒരു മേഖലയിലെ ഒഴിപ്പിക്കൽ നിർദേശം ശനിയാഴ്ച അധികൃതർ പിൻവലിച്ചു. സാൻ ജുവാൻ കാപിസ്ട്രാനോയിലെ മറ്റൊരു മേഖലയിൽ താമസക്കാർക്ക് ഭാഗികമായി തിരിച്ചെത്താനും അനുമതി നൽകി. എന്നാൽ തീ പടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ സാൻ ജുവാൻ കാപിസ്ട്രാനോയിലെ ചില മേഖലകളിൽ നിർബന്ധിത ഒഴിപ്പിക്കൽ തുടരുകയാണ്. പ്രദേശത്ത് ശക്തമായ കാറ്റും ചൂടും സംബന്ധിച്ച മുന്നറിയിപ്പും നിലവിലുണ്ട്.

കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം തീ അതിവേഗം പടർന്നതായും കാറ്റ് ശക്തമായി തുടരുകയാണെന്നും ഓറഞ്ച് കൗണ്ടി ഫയർ അതോറിറ്റി മേധാവി ടി.ജെ. മക്ഗവർൺ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാട്ടുതീ നിരവധി കെട്ടിടങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്. ഇതുവരെ കുറഞ്ഞത് ആറു വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ പൂർണമായി നശിക്കുകയോ ചെയ്തതായി അധികൃതർ അറിയിച്ചു. താമസക്കാർക്ക് പരുക്കേറ്റിട്ടില്ലെങ്കിലും രണ്ടു അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരുക്കേറ്റിട്ടുണ്ട്. കരയിലൂടെയും ആകാശത്തുനിന്നും തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുകയാണെന്നും ജനങ്ങൾ തീപിടിത്തമേഖല ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

സുരക്ഷ മുൻനിർത്തി പ്രദേശത്തെ നിരവധി സ്കൂളുകൾ വെള്ളിയാഴ്ച നേരത്തേ അടച്ചതായി കപിസ്ട്രാനോ യൂണിഫൈഡ് സ്കൂൾ അധികൃതർ അറിയിച്ചു. ശക്തമായ സാന്റാ അന കാറ്റും ഉയർന്ന താപനിലയും ഉൾപ്പെടെ തീപിടിത്തത്തിന് അനുകൂലമായ കാലാവസ്ഥയാണ് മേഖലയിൽ നിലനിൽക്കുന്നത്. ലോസ് ആഞ്ചലസ്, വെഞ്ചുറ കൗണ്ടികളിലും ആന്റലോപ്പ് വാലിയിലെ താഴ്‌വരപ്രദേശങ്ങളിലും ശനിയാഴ്ച രാത്രി വരെ റെഡ് ഫ്ലാഗ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

സാൻ ഡിയേഗോ കൗണ്ടിയിലെ ക്യാംപ് പെൻഡിൽടണിൽ പടരുന്ന ഹെൻഡേഴ്സൺ കാട്ടുതീയിൽനിന്ന് ഏകദേശം 20 മൈൽ വടക്കുമാറിയാണ് നോർട്ടെ തീപിടിത്തം. ഹെൻഡേഴ്സൺ കാട്ടുതീ ഇതിനകം 2,079 ഏക്കർ പ്രദേശം കത്തിച്ചു. വെള്ളിയാഴ്ച ലഭിച്ച വിവരമനുസരിച്ച്, നോർട്ടെ കാട്ടുതീ നിയന്ത്രിക്കാൻ 400 അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രവർത്തിച്ചുവരികയാണ്. 400 പേർ കൂടി സ്ഥലത്തേക്ക് എത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Wildfire burns at least 570 acres in Orange County, California, officials say

More Stories from this section

family-dental
witywide