യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്കുമേൽ സമ്മർദം ചെലുത്തുന്നതിനായി കൊണ്ടുവന്ന ഉപരോധ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്നതിന് രണ്ടു ദിവസം മുൻപ് തടഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയ്ക്കെതിരായ ഉപരോധങ്ങളിലും അധിക ഇറക്കുമതി തീരുവകളിലും ഇളവ് അനുവദിച്ചുകൊണ്ട് വെള്ളിയാഴ്ച വൈകിട്ടാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്.
ട്രംപിന്റെ തീരുമാനത്തിനെതിരെ റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസ് രൂക്ഷവിമർശനമുയർത്തി. സെനറ്റിൽ 86–11 വോട്ടിന് പാസാക്കിയ നിയമം നടപ്പാക്കുന്നതിൽ പ്രസിഡന്റിനും ഉപദേശകർക്കും എന്താണ് മനസ്സിലാകാത്തതെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. യുക്രെയ്നിൽ നിയമവിരുദ്ധമായി അധിനിവേശം നടത്തി നിരപരാധികളെ ദിവസവും കൊലപ്പെടുത്തുന്ന റഷ്യൻ ഏകാധിപതിക്കു മുന്നിൽ ഭരണകൂടം കീഴടങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘യുദ്ധം അവസാനിപ്പിക്കുകയല്ല, നീട്ടിക്കൊണ്ടുപോകുകയാണ് പ്രസിഡന്റ് ചെയ്യുന്നത്’ എന്നായിരുന്നു റിപ്പബ്ലിക്കൻ പ്രതിനിധി ഡോൺ ബേക്കന്റെ പ്രതികരണം. റഷ്യയുടെ അധിനിവേശത്തിന് പിന്തുണ നൽകുകയും സഖ്യകക്ഷിയായ യുക്രെയ്നെ കൈവിടുകയും ചെയ്യുന്ന പ്രസിഡന്റിന്റെ നയങ്ങൾക്ക് ധനസഹായം നൽകുന്നതിനെ നിരവധി നിയമനിർമാതാക്കൾ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായുള്ള ട്രംപിന്റെ തർക്കം രൂക്ഷമാകുന്നതിനിടെയാണ് നടപടി. ഇരുപാർട്ടികളിലെയും നിയമനിർമാതാക്കളും സെലൻസ്കിയും തീരുമാനത്തിനെതിരെ രംഗത്തെത്തി. അതേസമയം, മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ നടപടിയെ സ്വാഗതം ചെയ്തു.സെപ്റ്റംബർ 18ന് ലിൻഡ്സെ ഒ. ഗ്രഹാം അവതരിപ്പിച്ച 2026ലെ റഷ്യ–ഇറാൻ ഉപരോധ നിയമത്തിൽ ട്രംപ് ഒപ്പുവച്ചിരുന്നു. ഈ നിയമപ്രകാരം അനുവദിച്ചിരുന്ന വിവിധ ഉപരോധ വ്യവസ്ഥകളും അധിക തീരുവകളുമാണ് വെള്ളിയാഴ്ചത്തെ ഉത്തരവിലൂടെ ഒഴിവാക്കിയത്.
ദേശീയ താൽപര്യം മുൻനിർത്തിയാണ് ഇളവ് അനുവദിക്കുന്നതെന്ന് കോൺഗ്രസിനെ അറിയിച്ചതായും ഉത്തരവിൽ ട്രംപ് വ്യക്തമാക്കി. നിയമപ്രകാരം റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 500 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥയുണ്ട്. റഷ്യൻ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ഏറ്റവും വലിയ അഞ്ച് ഇറക്കുമതിക്കാർ ഒക്ടോബർ 18നോ അതിനുശേഷമോ പുതിയ വാങ്ങലുകൾ നടത്തിയാൽ അവരുടെ രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താനും വ്യവസ്ഥയുണ്ട്.
റഷ്യൻ എണ്ണയ്ക്കുമേലുള്ള ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന പ്രധാന രാജ്യങ്ങൾക്കെതിരെയും സമാനമായ തീരുവകൾ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന അധിക തീരുവകൾ ട്രംപിന്റെ ഉത്തരവ് നിലനിൽക്കുന്നിടത്തോളം സ്വമേധയാ ചുമത്തപ്പെടില്ല. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ, റഷ്യൻ ധനകാര്യ സ്ഥാപനങ്ങൾ, ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകൾ എന്നിവയ്ക്കെതിരായ നടപടികളും നിയമത്തിൽ ഉൾപ്പെട്ടിരുന്നു. റഷ്യൻ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരായ ചൈനയ്ക്കും ഇന്ത്യയ്ക്കുമെതിരെ 100 ശതമാനം വരെ തീരുവ ചുമത്താനുള്ള അധികാരവും നിയമം ട്രംപിന് നൽകിയിരുന്നു.
Republican lawmaker hits out at Trump over Russia sanctions waiver, says he is ‘prolonging the war, not ending it’













