യുഎസിനോട് വീണ്ടും സങ്കീർണ പ്രശ്നം ആവ‌ർത്തിച്ച് സെലെൻസ്കി, സ്റ്റാർഷീൽഡ് വേഗത പരിധി മാറ്റാൻ സാധിക്കുന്നില്ല; റഷ്യൻ ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം പ്രതിസന്ധിയിൽ

കീവ്: യുക്രൈനിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ സ്റ്റാർഷീൽഡ് ഉപഗ്രഹ ആശയവിനിമയ സംവിധാനത്തിന് മേൽ ഏർപ്പെടുത്തിയ വേഗത നിയന്ത്രണങ്ങൾ കാരണം റഷ്യൻ ഡ്രോണുകൾക്കെതിരെ പ്രതിരോധം തീർക്കാൻ സാധിക്കുന്നില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്പേസ് എക്സ് ഉടമ ഇലോൺ മസ്‌കും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾക്കിടയിലാണ് യുക്രൈൻ്റെ സൈനിക നടപടികളെ ബാധിക്കുന്ന തരത്തിൽ ഈ വേഗത നിയന്ത്രണങ്ങൾ വന്നിരിക്കുന്നത്.

ഇയു ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ, യുക്രൈൻ അതിർത്തിക്കുള്ളിൽ മണിക്കൂറിൽ 161 കിലോമീറ്ററിന് മുകളിൽ വേഗത കൈവരിക്കുമ്പോൾ സ്റ്റാർലിങ്ക്/സ്റ്റാർഷീൽഡ് സേവനങ്ങൾ പ്രവർത്തനരഹിതമാകുകയാണെന്ന് സെലെൻസ്കി വ്യക്തമാക്കി. റഷ്യ വിന്യസിക്കുന്ന ജെറ്റ് അധിഷ്ഠിത ഷാഹെദ് ഡ്രോണുകളെ പിന്തുടർന്ന് തകർക്കാൻ യുക്രൈന്റെ ഇന്റർസെപ്റ്റർ ഡ്രോണുകൾക്ക് ഉയർന്ന വേഗത ആവശ്യമാണ്. എന്നാൽ 161 കിലോമീറ്ററിന് മുകളിലേക്ക് വേഗത ഉയരുമ്പോൾ സാങ്കേതിക ബന്ധം വേർപെടുന്നതിനാൽ ഈ ഡ്രോണുകളെ തടയാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സേവനങ്ങൾ 180 കിലോമീറ്ററിലധികം വേഗതയിൽ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് യുക്രൈൻ നടത്തിയ പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഇത് കേവലം സാങ്കേതിക തകരാറല്ലെന്നും യുക്രൈനെ ലക്ഷ്യമിട്ട് ആസൂത്രിതമായി നടപ്പിലാക്കിയ നിയന്ത്രണമാണെന്നുമാണ് കീവിന്റെ നിഗമനം. എന്നാൽ ഇതിന് പിന്നിൽ തങ്ങളല്ലെന്നും സൈനിക ആവശ്യങ്ങൾക്കുള്ള സ്റ്റാർഷീൽഡിന്റെ നിയന്ത്രണം പൂർണ്ണമായും യുഎസ് പ്രതിരോധ വകുപ്പിന്റെയും വൈറ്റ് ഹൗസിന്റെയും കൈകളിലാണെന്നും ഇലോൺ മസ്‌ക് പ്രതികരിച്ചു. ട്രംപും ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. യുക്രൈനിലെ 15-ലധികം ഊർജ്ജ നിലയങ്ങൾക്ക് നേരെ റഷ്യ കടുത്ത വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, സ്റ്റാർഷീൽഡിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ നയതന്ത്ര തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

More Stories from this section

family-dental
witywide