കൊളറാഡോയിലെ 28,314 ഏക്കർ വിഴുങ്ങി കാട്ടുതീ: നൂറിലധികം വീടുകളും കെട്ടിടങ്ങളും ചാരമായി; ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ഡെൻവർ: അമേരിക്കയിലെ തെക്കൻ കൊളറാഡോയിൽ വൻ നാശനഷ്ടം വിതച്ചുകൊണ്ട് ‘ആസ്പൻ ഏക്രെസ്’ കാട്ടുതീ പടരുന്നു. കസ്റ്റർ കൗണ്ടിയിൽ മാത്രം 55 വീടുകളാണ് തീപിടുത്തത്തിൽ പൂർണ്ണമായി നശിച്ചത്. തൊട്ടടുത്ത പ്യൂബ്ലോ കൗണ്ടിയിൽ നൂറിലധികം കെട്ടിടങ്ങളും അഗ്നിക്കിരയായി. ചൊവ്വാഴ്ച ഉച്ചയോടെ കാട്ടുതീ 28,314 ഏക്കറിലേക്ക് വ്യാപിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.

തീ ഇതുവരെയും ഒട്ടും തന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ കാട്ടുതീയുടെ വേഗത കുറയ്ക്കാനും ജനവാസ മേഖലകളിലേക്ക് പടരുന്നത് തടയാനും അഗ്നിശമന സേനാംഗങ്ങൾ ജീവൻ പണയപ്പെടുത്തി കഠിനശ്രമം നടത്തുകയാണെന്ന് പ്യൂബ്ലോ കൗണ്ടി ഷെരീഫ് ഡേവിഡ് ജെ. ലൂസെറോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എട്ട് പ്രത്യേക എയർ ടാങ്കറുകൾ ഉൾപ്പെടെയുള്ള വിമാനങ്ങൾ ആകാശമാർഗ്ഗം തീ അണയ്ക്കാൻ രംഗത്തുണ്ട്.

അടിയന്തര ഒഴിപ്പിക്കൽ പ്രഖ്യാപിച്ചു

തീപിടുത്തം രൂക്ഷമായതോടെ ബ്യൂല, റൈ, സാൻ ഇസബെൽ എന്നീ നഗരങ്ങളിൽ അധികൃതർ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ആദ്യം ഹൈവേ 165 മുതൽ ഓൾഡ് സാൻ ഇസബെൽ റോഡ് വരെയുള്ള ആസ്പൻ ഏക്രെസ് നിവാസികളെ ഒഴുപ്പിക്കാനായിരുന്നു ഉത്തരവ്. എന്നാൽ പിന്നീട് ഇത് വ്യാപിപ്പിക്കുകയും ബ്യൂല (Beulah) നഗരത്തിൽ പൂർണ്ണമായി ഒഴിപ്പിക്കൽ നിർദ്ദേശം നൽകുകയുമായിരുന്നു. പ്യൂബ്ലോയിലെ ‘പ്യൂബ്ലോ കൗണ്ടി പാർക്ക്സ് ആൻഡ് റീക്രിയേഷൻ’ കേന്ദ്രത്തിലാണ് ഒഴിപ്പിക്കപ്പെട്ടവർക്കായി താൽക്കാലിക പുനരധിവാസ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വലിയ വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ‘കൊളറാഡോ സ്റ്റേറ്റ് ഫെയർഗ്രൗണ്ട്സ്’ തുറന്നുകൊടുത്തു. ദുരന്തബാധിതരായ കുടുംബങ്ങൾക്കും കർഷകർക്കും ബിസിനസ്സ് ഉടമകൾക്കും എല്ലാവിധ സുരക്ഷയും പിന്തുണയും ഉറപ്പാക്കുമെന്ന് ഷെരീഫ് വ്യക്തമാക്കി.

മിനിറ്റുകൾക്കുള്ളിൽ ചാരമായി ഓർമ്മകൾ

കാട്ടുതീ എത്രത്തോളം ഭീകരമായിരുന്നു എന്ന് ദൃക്‌സാക്ഷിയായ ബ്യൂല സ്വദേശി സക്കറി ബ്രൂസിൻ്റെ വാക്കുകൾ വ്യക്തമാക്കുന്നു. ജീവൻ രക്ഷിക്കാൻ പെട്ടെന്ന് ഒഴിഞ്ഞു പോകേണ്ടി വന്ന സക്കറിക്ക്, പിന്നീട് തൻ്റെ വീടും പരിസരവും പൂർണ്ണമായി കത്തിയമർന്ന വാർത്തയാണ് കേൾക്കേണ്ടി വന്നത്. “വീട്, സ്ഥലം, എൻ്റെ പഴയ കാർ, ഗസ്റ്റ് കാബിൻ എന്നിവയെല്ലാം വെറും 30 മിനിറ്റിനുള്ളിൽ ചാരമായി. വർഷങ്ങളായുള്ള ഓർമ്മകളെല്ലാം ഉരുകിയ ലോഹക്കഷണങ്ങളായി മാറി,” അദ്ദേഹം സങ്കടത്തോടെ പറഞ്ഞു. കനത്ത ചൂടിൽ പ്രൊപ്പെയ്ൻ ടാങ്കുകൾ പൊട്ടിത്തെറിച്ചതാണ് നാശനഷ്ടത്തിൻ്റെ ആക്കം കൂട്ടിയത്.

തീപിടുത്തത്തിൻ്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റതൊഴിച്ചാൽ മറ്റ് ജീവഹാനികളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. കൊളറാഡോയിൽ നിലവിൽ പടർന്നുപിടിക്കുന്ന ഒമ്പത് വലിയ കാട്ടുതീകളിൽ ഒന്നാണ് ആസ്പൻ ഏക്രെസ്. ഇതിന് പുറമെ ഹ്യൂർഫാനോ കൗണ്ടിയിലുള്ള ‘ബിഗ് ഷീപ്പ്’ കാട്ടുതീയും 1,100 ഏക്കറിലധികം പ്രദേശത്തേക്ക് വ്യാപിച്ചതായി ഗവർണറുടെ ഓഫീസ് അറിയിച്ചു.

Wildfire in Colorado burns 28,314 acres, destroys more than 100 homes and buildings, forces hundreds of thousands to evacuate

More Stories from this section

family-dental
witywide