
ഒട്ടാവ: പടിഞ്ഞാറൻ കാനഡയിൽ അതിവേഗം പടരുന്ന കാട്ടുതീയെത്തുടർന്ന് കടുത്ത പ്രതിസന്ധി. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ആരംഭിച്ച തീപിടിത്തം മണിക്കൂറുകൾക്കുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയത്.
ബ്രിട്ടീഷ് കൊളംബിയയിലെ സമ്മർലാൻഡ്, പീച്ച്‌ലാൻഡ് തുടങ്ങിയ മേഖലകളിലായി പടർന്നുപിടിച്ച ‘ബാൾഡ് റേഞ്ച്’ കാട്ടുതീ നിലവിൽ 136 ചതുരശ്ര കിലോമീറ്ററിലധികം (ഏകദേശം 33,650 ഏക്കർ) പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ നടപടികളിലൊന്നിനാണ് പ്രവിശ്യ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇരുപതിനായിരത്തിലധികം ആളുകളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ബിസി വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു.
വലിയ ഉയരത്തിൽ ആളിപ്പടരുന്ന തീജ്വാലകൾ പ്രദേശത്ത് സ്വന്തമായി പ്രതികൂല കാലാവസ്ഥയും ശക്തമായ ഇടിമിന്നലും സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തീ ജനവാസ മേഖലകളിലേക്ക് പടർന്നത്. സാഹചര്യങ്ങൾ മിനിറ്റുകൾക്കുള്ളിൽ മാറിയതോടെ പലരും വീടുകളിൽ കുടുങ്ങിപ്പോകുകയും പിന്നീട് രക്ഷാപ്രവർത്തകർ എത്തി ഇവരെ മാറ്റുകയുമായിരുന്നു. ഒരു ബോംബ് പൊട്ടിത്തെറിച്ചതിന് സമാനമായാണ് തീ ആളിപ്പടർന്നതെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമ്മർലാൻഡ് നഗരത്തിലെ 12,000-ത്തോളം വരുന്ന മുഴുവൻ ജനങ്ങളോടും പീച്ച്‌ലാൻഡിലെ പകുതിയിലധികം താമസക്കാരോടും അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടിട്ടുണ്ട്. മേഖലയിലെ പ്രായമായവർക്കായുള്ള കെയർ ഹോമുകളിൽ നിന്നുള്ള നൂറുകണക്കിന് അന്തേവാസികളെയും സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. നിരവധി വീടുകളും ഫാമുകളും പൂർണ്ണമായി കത്തിനശിച്ചതായാണ് വിവരമെങ്കിലും, കൃത്യമായ നാശനഷ്ടങ്ങൾ കണക്കാക്കാൻ സാധിച്ചിട്ടില്ലെന്ന് സമ്മർലാൻഡ് മേയർ ഡഗ് ഹോംസ് വ്യക്തമാക്കി.
ഒകനാഗൻ മേഖലയിൽ വളർത്തുമൃഗങ്ങളെ, പ്രത്യേകിച്ച് കുതിരകളെ ഒഴിപ്പിക്കാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. മൃഗങ്ങളെ വാഹനങ്ങളിൽ കയറ്റി മാറ്റാൻ സാധിക്കാത്ത പല ഉടമകളും അവ സ്വയം രക്ഷപ്പെടട്ടെ എന്ന പ്രതീക്ഷയിൽ തൊഴുത്തുകളുടെയും പറമ്പുകളുടെയും ഗേറ്റുകൾ തുറന്നിട്ടിരിക്കുകയാണ്. പിന്നീട് തിരിച്ചറിയാൻ എളുപ്പമാകുന്നതിനായി മൃഗങ്ങളുടെ ശരീരത്തിൽ പ്രത്യേക അടയാളങ്ങൾ ചായം പൂശിയാണ് പലരും കാട്ടിലേക്ക് തുറന്നുവിട്ടത്.
കാനഡയിലെ കാട്ടുതീ അയൽരാജ്യമായ അമേരിക്കയെയും ബാധിച്ചു തുടങ്ങി. ജൂലൈയിൽ ഒന്റാറിയോയിലുണ്ടായ കാട്ടുതീയെത്തുടർന്ന് ടൊറന്റോയിലെ വായുനിലവാരം ലോകത്തിലെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. ഇവിടെ നിന്നുള്ള പുകപടലങ്ങൾ യുഎസിലെ മിനസോട്ട, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതോടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്ക് മേൽ പുതിയ വ്യാപാര നികുതികൾ ചുമത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.
പൂഴ്ത്തിവെപ്പും അമിതവില ഈടാക്കലും തടയാനും, യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പ്രവിശ്യാ സർക്കാരിന് അടിയന്തരാവസ്ഥാ നിയമം പ്രത്യേക അധികാരം നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കാറ്റ് ശക്തമായാൽ സ്ഥിതി ഇനിയും വഷളാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.
Wildfires in Canada are out of control; State of emergency declared, more than 20,000 people evacuated from British Columbia, fire spreads to 136 square kilometers















