യു.എസിനെ ശ്വാസം മുട്ടിച്ച് കാനഡയിലെ കാട്ടുതീയുടെ പുക; പല നഗരങ്ങളിലും വായുനിലവാരം മോശം; ടെക്സാസിലും ന്യൂയോര്‍ക്കിലുമടക്കം കനത്ത ജാഗ്രത

വാഷിംഗ്ടൺ: കാനഡയിൽ ആളിപ്പടരുന്ന കാട്ടുതീയെത്തുടർന്നുണ്ടായ കനത്ത പുകപടലങ്ങൾ അതിർത്തി കടന്ന് അമേരിക്കൻ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. ഗ്രേറ്റ് ലേക്സ് മേഖല മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളെ പുക പൂർണ്ണമായും വിഴുങ്ങി കഴിഞ്ഞു. നിലവിൽ കാനഡയിൽ 830-ലധികം സജീവ കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ വടക്കൻ മിനസോട്ടയിലും പന്ത്രണ്ടിലധികം കാട്ടുതീ പടരുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ നിർബന്ധിതമായി ഒഴിപ്പിച്ചു വരികയാണ്.

പശ്ചിമ-മധ്യ ഒന്റാറിയോയിലെ വനമേഖലകളിൽ പടരുന്ന തീയാണ് വൻതോതിൽ പുക പുറന്തള്ളുന്നത്. ശക്തമായ കാറ്റിനെ തുടർന്ന് ഈ പുകപടലങ്ങൾ യു.എസിലേക്ക് നീങ്ങിയതോടെ ദശലക്ഷക്കണക്കിന് ജനങ്ങളാണ് കനത്ത ആരോഗ്യഭീഷണി നേരിടുന്നത്. വായുനിലവാരം അതീവ ഗുരുതരമായതിനെ തുടർന്ന് ന്യൂയോർക്ക് സിറ്റി, പടിഞ്ഞാറൻ ന്യൂയോർക്ക്, സെൻട്രൽ ന്യൂയോർക്ക് എന്നിവിടങ്ങളിൽ വായു നിരീക്ഷണ സംവിധാനമായ ‘എയര്‍ നൗ’ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ന്യൂയോർക്ക് വായു മലിനീകരണത്തിന്റെ പിടിയിലാണെന്നും ഹൃദ്രോഗികൾ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി അറിയിച്ചു. അനാവശ്യ പുറംയാത്രകൾ ഒഴിവാക്കാനും വീടുകൾക്കുള്ളിൽ തന്നെ കഴിയാനും നിർദ്ദേശിച്ച മേയർ, ജനങ്ങൾക്ക് സൗജന്യമായി മാസ്കുകൾ വിതരണം ചെയ്യുമെന്നും വ്യക്തമാക്കി.

ഉഷ്ണതരംഗവും പുകയും ഒന്നിച്ച്

അമേരിക്കയുടെ ഇരു തീരങ്ങളെയും വരിഞ്ഞുമുറുക്കുന്ന കടുത്ത ഉഷ്ണതരംഗത്തിന് ഇടയിലാണ് ഈ പുക പ്രതിസന്ധിയും ഉണ്ടായിരിക്കുന്നത്. വടക്കുകിഴക്കൻ-അപ്പർ മിഡ്‌വെസ്റ്റ് മേഖലകളിൽ താപനില 90 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലും ചിലയിടങ്ങളിൽ 100 ഡിഗ്രിക്ക് (ഏകദേശം 38 ഡിഗ്രി സെൽഷ്യസ്) മുകളിലും രേഖപ്പെടുത്തി. വെള്ളിയാഴ്ചയോടെ മിഡ്‌വെസ്റ്റിലും ശനിയാഴ്ചയോടെ വടക്കുകിഴക്കൻ മേഖലകളിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മഴ പുകപടലങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്.

വരും ദിവസങ്ങളിൽ ക്ലീവ്‌ലാൻഡ്, കൊളംബസ്, ബാൾട്ടിമോർ, വാഷിംഗ്ടൺ ഡി.സി. തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കും കനത്ത പുക വ്യാപിക്കും. ഇത് ആരോഗ്യപ്രശ്നങ്ങളില്ലാത്ത സാധാരണക്കാരെപ്പോലും ബാധിച്ചേക്കാവുന്ന അത്ര അപകടകരമായ നിലയിലേക്ക് ഉയർന്നേക്കാം.

ഇതിനിടെ പടിഞ്ഞാറൻ തീരത്തെ ലോസ് ആഞ്ചലസ്, ഓറഞ്ച് കൗണ്ടി എന്നിവിടങ്ങളിലും കനത്ത ചൂട് തുടരുകയാണ്. ലോസ് ആഞ്ചലസിൽ വ്യാഴാഴ്ച രാത്രി വരെ തീവ്ര ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലിഫോർണിയയിലെ സാൻ ജോക്വിൻ വാലി, ഫ്രെസ്നോ, ബേക്കേഴ്സ്ഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ താപനില 104 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയർന്നു.

മറുവശത്ത്, യു.എസിലെ ടെക്സാസ് സംസ്ഥാനം കനത്ത പ്രളയക്കെടുതിയിലാണ്. ടെക്സാസ് ഹിൽ കൺട്രിയിൽ ഈ ആഴ്ച മാത്രം 6 മുതൽ 16 ഇഞ്ച് വരെ മഴയാണ് ലഭിച്ചത്. റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് നിരവധി പേരെയാണ് രക്ഷപ്പെടുത്തിയത്.

സൗത്ത്-സെൻട്രൽ ടെക്സാസിൽ പ്രളയസാധ്യത ഏറ്റവും ഉയർന്ന ‘4 out of 4’ ലവലിലാണ്. ഉവാൽഡെ, സാൻ അന്റോണിയോ, ലോമ അൽട്ട തുടങ്ങിയ നഗരങ്ങളിൽ വരും ദിവസങ്ങളിൽ 6 മുതൽ 12 ഇഞ്ച് വരെ അധിക മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും പ്രാദേശികമായി ഇത് 20 ഇഞ്ച് വരെ ഉയർന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ ബുധനാഴ്ച രാവിലെ സാൻ അന്റോണിയോയ്ക്ക് സമീപം ടൊർണാഡോ (ചുഴലിക്കാറ്റ്) വീശിയടിച്ചതായി ദൃക്ഷാക്ഷികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Smoke from wildfires in Canada is choking the US; Air quality is poor in many cities; High alert in Texas and New York, among others

More Stories from this section

family-dental
witywide