പിജെ Vs ഇപി! പോര് മുറുകുന്നു, പി ജയരാജന് റിസോർട്ട് പങ്കാളിത്തമെന്ന് ഇ പി ജയരാജന്റെ പരാതി; ഇരുവർക്കുമെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പരസ്പര ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് പാർട്ടി നേതൃത്വം. സ്വർണ്ണക്കടത്തുകാരനുമായി ചേർന്ന് ഇടുക്കി മാങ്കുളത്ത് പി. ജയരാജൻ ‘ഗ്രാൻഡ് ക്ലിഫ്’ എന്ന റിസോർട്ട് നടത്തുന്നുണ്ടെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിന് രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം പുതിയ തലത്തിലേക്ക് കടന്നത്. ഇ.പി. ജയരാജനെതിരെ പി. ജയരാജൻ നേരത്തെ ഉന്നയിച്ച വൈദേകം റിസോർട്ട്, അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളും പുതിയ പരാതിയും ചേർത്ത് വിശദമായി അന്വേഷിക്കാൻ കെ.എൻ. ബാലഗോപാലിനെയും ടി.പി. രാമകൃഷ്ണനെയും സി.പി.എം സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി.

കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി. ജയരാജനെതിരെ ഗുരുതര ആക്ഷേപങ്ങൾ അടങ്ങിയ കത്തുമായി ഇ.പി. ജയരാജൻ എത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാങ്കുളത്തെ റിസോർട്ടിന്റെ പങ്കാളികളിൽ ഒരാൾ സ്വർണ്ണക്കടത്തുകാരനാണെന്നും, ദുബായിൽ നടന്ന ബോർഡ് മീറ്റിംഗിൽ പി. ജയരാജൻ അധ്യക്ഷത വഹിക്കുന്ന ചിത്രങ്ങൾ ഉണ്ടെന്നും ഇ.പി കത്തിൽ ആരോപിക്കുന്നു. സ്വർണ്ണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം, ഇടുക്കി ജില്ലാ കമ്മിറ്റി ഇതുസംബന്ധിച്ച് പാർട്ടിക്ക് നൽകിയ പരാതി തുടങ്ങിയ കാര്യങ്ങളും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

കൂടാതെ, പി. ശശിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിന് പിന്നിൽ പി. ജയരാജനാണെന്നും ഇ.പി. ജയരാജൻ കത്തിൽ സമർത്ഥിക്കുന്നു. ഡി.വൈ.എഫ്.ഐ നേതാവിനെയും വനിതാ നേതാവിനെയും നീലേശ്വരത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെത്തിച്ചതിലും പരാതി എഴുതി വാങ്ങിയതിലും ആസൂത്രിത നീക്കമുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരായ കേസിൽ രേഖകൾ ശേഖരിച്ചെന്നും, കോടിയേരി ബാലകൃഷ്ണനെതിരെ അപവാദ പ്രചാരണം നടത്തിയെന്നും, നേതാക്കളെ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘത്തെ ഉപയോഗിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. പാർട്ടിക്ക് അതീതനായി വളരാനുള്ള പി. ജയരാജന്റെ ശ്രമം കാണാതെ പോകരുതെന്നും ഇ.പി ആവശ്യപ്പെട്ടു.

ഇ.പിയുടെ കത്ത് യോഗത്തിൽ ചർച്ചയായതോടെ, നാല് വർഷം മുൻപ് ഇ.പി കേന്ദ്ര കമ്മിറ്റി അംഗമായിരിക്കെ താൻ ഉന്നയിച്ച വൈദേകം റിസോർട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലും അന്വേഷണം എന്തായെന്ന ചോദ്യം പി. ജയരാജനും ആവർത്തിച്ചു. ഇരുവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായിരിക്കെ പരസ്പരം ഉന്നയിച്ച പരാതികൾ എഴുതിക്കിട്ടിയ സാഹചര്യത്തിലാണ് സംയുക്ത അന്വേഷണ കമ്മീഷനെ വെക്കാൻ പാർട്ടി തീരുമാനിച്ചത്.

CPM Factional Feud Intensifies: E.P. Jayarajan Files Complaint Alleging P. Jayarajan’s Resort Ties; Party Appoints K.N. Balagopal and T.P. Ramakrishnan to Probe Allegations Against Both

More Stories from this section

family-dental
witywide