പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ മൊജ്തബ ഖമേനി പങ്കെടുക്കുമോ? ഇറാനിൽ ആകാംക്ഷ ശക്തം, വിട്ടുനിന്നാൽ സംശയമുനകൾ വീണ്ടും ഉയരും

ടെഹ്‌റാൻ: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്ക് രാജ്യം ഒരുങ്ങുമ്പോൾ, പുതിയ പരമോന്നത നേതാവും ഖമേനിയുടെ മകനുമായ മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ എന്നതിനെച്ചൊല്ലി ഇറാനിൽ ചർച്ചകൾ ശക്തമാകുന്നു. പിതാവിന്റെ അന്ത്യകർമ്മങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.

ഫെബ്രുവരി അവസാനം ഉണ്ടായ ആക്രണത്തിൽ മൊജ്തബ ഖമേനിക്കും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇതേവരെ മൊജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ ദൃശ്യ-ശ്രാവ്യ സന്ദേശങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല. തന്റെ അനുയായികളുമായി എഴുത്തുപൂർവ്വമായ പ്രസ്താവനകളിലൂടെ മാത്രമാണ് അദ്ദേഹം ഇതുവരെ സംവദിച്ചിട്ടുള്ളത്. എന്നാൽ മൊജ്തബ പൂർണ്ണ ആരോഗ്യവാനാണെന്നും വാഷിംഗ്ടണുമായുള്ള ടെഹ്‌റാന്റെ നയതന്ത്ര ചർച്ചകൾക്ക് അദ്ദേഹം നേരിട്ടാണ് നേതൃത്വം നൽകുന്നതെന്നും ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെടുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹം പൊതുസമക്ഷം വരുന്നത് വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമായിരിക്കും. ഇത് രാജ്യത്തിനകത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിന് കൂടുതൽ നിയമസാധുത നൽകാൻ സഹായിക്കും. എന്നാൽ, അദ്ദേഹം ചടങ്ങിൽ നിന്ന് വിട്ടുനിന്നാൽ അത് ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും രാജ്യം ആര് ഭരിക്കുന്നു എന്ന ചോദ്യം വീണ്ടും ഉയർത്തുകയും ചെയ്യും. കഴിഞ്ഞ ബുധനാഴ്ച അന്തരിച്ച തന്റെ ഭാര്യയുടെ സ്വകാര്യ അനുസ്മരണ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

ഖമേനി വധിക്കപ്പെട്ടതിന് പിന്നാലെ ഇറാൻ നേതൃത്വത്തിന് നേരെ ഇനിയുമുണ്ടാകുന്ന ഏത് ഭീഷണിക്കും ശക്തവും പെട്ടെന്നുള്ളതുമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ മൊജ്തബ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംസ്‌കാര ചടങ്ങുകളുടെ സംഘാടക സമിതി തലവൻ അലി അക്ബർ പൂർജംഷിദിയാനോട് മൊജ്തബയുടെ സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഈ തീരുമാനം പൂർണ്ണമായും പരമോന്നത നേതാവിന്റെ ഓഫീസിന്റെ പരിധിയിൽ വരുന്നതാണെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.

More Stories from this section

family-dental
witywide