
അനിൽ മറ്റത്തിക്കുന്നേൽ
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ പ്രമുഖ കൂട്ടായ്മയായ
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) സെൻട്രൽ
റീജിയന്റെ 2026–2028 വർഷത്തേക്കുള്ള വർക്കിംഗ് കമ്മിറ്റി രൂപീകരണവും
പ്രഥമ യോഗവും ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു.
ഫോമാ സെൻട്രൽ റീജിയൻ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) രഞ്ജൻ എബ്രഹാമിന്റെ
അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് ഫോമാ നാഷണൽ ജോയിന്റ് ട്രഷറർ ജോൺസൺ
കണ്ണൂക്കാടൻ, ജുഡീഷ്യൽ കമ്മിറ്റി ചെയർമാൻ ബെന്നി വാച്ചാച്ചിറ, നാഷണൽ
കൗൺസിൽ അംഗങ്ങളായ ജിതേഷ് ചുങ്കത്ത്, പ്രിൻസ് ഈപ്പൻ, യൂത്ത് പ്രതിനിധി
കാൽവിൻ കവലക്കൽ, വിമൻസ് ഫോറം പ്രതിനിധി ജൂബി വള്ളിക്കുളം എന്നിവർ
നേതൃത്വം നൽകി.

പ്രസ്തുത യോഗത്തിൽ രൂപീകരിച്ച വർക്കിംഗ് കമ്മിറ്റിയുടെ ചെയർമാനായി മനോജ്
അച്ചേട്ട്, വൈസ് ചെയർമാനായി സ്റ്റീഫൻ കിഴക്കേക്കുറ്റ്, സെക്രട്ടറിയായി
ജോൺ പാട്ടപതി, ജോയിന്റ് സെക്രട്ടറിയായി ആഷ്ലി എബ്രഹാം, ട്രഷററായി ആന്റോ
കവലക്കൽ, ജോയിന്റ് ട്രഷററായി അഭിലാഷ് നെല്ലാമറ്റം, പബ്ലിക് റിലേഷൻസ്
ഓഫീസറായി (PRO) അനിൽ മറ്റത്തിക്കുന്നേൽ, വിമൻസ് ഫോറം ചെയർപേഴ്സണായി ജൂബി
വള്ളിക്കുളം, യൂത്ത് കോഓർഡിനേറ്ററായി മേഘ ചിറയിൽ എന്നിവരെ തിരഞ്ഞെടുത്തു.
ഇവർക്കുപുറമേ വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നതിനുള്ള
ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.
ഫോമാ സെൻട്രൽ റീജിയന്റെ പ്രാധാന്യവും മുൻകാലങ്ങളിൽ റീജിയൻ നടത്തിവന്ന
ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക, സാംസ്കാരിക പരിപാടികളും അധ്യക്ഷ
പ്രസംഗത്തിൽ രഞ്ജൻ എബ്രഹാം വിശദീകരിച്ചു. നൂറിലധികം മലയാളി സംഘടനകൾ
അംഗങ്ങളായുള്ള ഫോമയുടെ ഏറ്റവും ശക്തവും പ്രാധാന്യമേറിയതുമായ റീജിയനുകളിൽ
ഒന്നാണ് ചിക്കാഗോലാൻഡ് മേഖലയിലെ ഏഴ് മലയാളി സംഘടനകൾ ഉൾപ്പെടുന്ന സെൻട്രൽ
റീജിയനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജു തോണിക്കടവിലിന്റെ നേതൃത്വത്തിലുള്ള ഫോമാ നാഷണൽ കമ്മിറ്റിയോട്
ചേർന്നുനിന്നുകൊണ്ട് സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം
ഉറപ്പാക്കുമെന്നും നോർത്ത് അമേരിക്കയിലെ വിവിധ മലയാളി സംഘടനകളെ
ഏകോപിപ്പിച്ച് മുന്നോട്ടുപോകാനുള്ള ഫോമയുടെ ശ്രമങ്ങളിൽ സെൻട്രൽ റീജിയൻ
ആത്മാർത്ഥമായി പങ്കുചേരുമെന്നും രഞ്ജൻ എബ്രഹാം തന്റെ അധ്യക്ഷ പ്രസംഗത്തിൽ
വ്യക്തമാക്കി.

ഫോമാ വെറുമൊരു മലയാളി സംഘടനയല്ലെന്നും നോർത്ത് അമേരിക്കൻ
മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും
മലയാളികളുടെ ഉന്നമനത്തിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന പ്രമുഖ
ദേശീയ സംഘടനകളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോർത്ത്
അമേരിക്കയിൽ മാത്രമല്ല, കേരളത്തിലും ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ
സജീവമായി തുടരുന്നുണ്ടെന്ന കാര്യം പ്രത്യേകം ഓർമിക്കേണ്ടതാണെന്നും
അദ്ദേഹം പറഞ്ഞു.
പുതിയ ദേശീയ നേതൃത്വം അധികാരമേറ്റ് ഒരു മാസം തികയുന്നതിനുമുമ്പുതന്നെ
നിർധന കുടുംബങ്ങൾക്കായി ഫോമാ നിർമ്മിച്ചുനൽകുന്ന നാലാമത്തെ വീടിന്റെ
തറക്കല്ലിടൽ നടത്താൻ സാധിച്ചത് സംഘടനയുടെ ഒത്തൊരുമയുടെയും സാമൂഹിക
പ്രതിബദ്ധതയുടെയും തെളിവാണെന്ന് രഞ്ജൻ എബ്രഹാം ചൂണ്ടിക്കാട്ടി. ചുരുങ്ങിയ
കാലയളവിനുള്ളിൽ തന്നെ ഇത്തരത്തിലുള്ള ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കം
കുറിക്കാൻ സാധിച്ചത് ഫോമയുടെ കൂട്ടായ പ്രവർത്തനങ്ങളുടെ വിജയമാണെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ സെൻട്രൽ റീജിയൻ RVPയും നിലവിലെ ഫോമാ നാഷണൽ ജോയിന്റ് ട്രഷററുമായ ജോൺസൺ
കണ്ണൂക്കാടൻ തന്റെ പ്രസംഗത്തിൽ സെൻട്രൽ റീജിയന്റെ പ്രവർത്തനങ്ങളെ
അനുമോദിക്കുകയും പുതിയ നേതൃത്വത്തിന് ആശംസകൾ നേരുകയും ചെയ്തു.
മുൻകാലങ്ങളിൽ സെൻട്രൽ റീജിയന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച സഹകരണത്തിനും
പിന്തുണയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഫോമാ ഏതെങ്കിലും ഒരു റീജിയനിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സംഘടനയല്ലെന്നും
മറിച്ച് നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും ശക്തമായ ദേശീയ
സംഘടനകളിലൊന്നാണെന്നും ജോൺസൺ കണ്ണൂക്കാടൻ ഓർമിപ്പിച്ചു. സെൻട്രൽ
റീജിയന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ഫോമാ നാഷണൽ എക്സിക്യൂട്ടീവ്
കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഫോമാ സെൻട്രൽ റീജിയൻ ചിക്കാഗോയുടെ 2026–2028 പ്രവർത്തനകാലയളവിന്റെ
ഔദ്യോഗിക ഉദ്ഘാടനം 2027 ഏപ്രിൽ 2 വെള്ളിയാഴ്ച വിപുലമായ കലാപരിപാടികളോടും
ആഘോഷങ്ങളോടും കൂടി അതിഗംഭീരമായി സംഘടിപ്പിക്കാൻ വർക്കിംഗ് കമ്മിറ്റി
യോഗത്തിൽ തീരുമാനമായി. ചിക്കാഗോലാൻഡ് മേഖലയിലെ വിവിധ മലയാളി സംഘടനകളുടെ
സജീവ പങ്കാളിത്തത്തോടെ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നതിനുള്ള
ഒരുക്കങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
ഫോമാ നാഷണൽ കൗൺസിൽ അംഗം ജിതേഷ് ചുങ്കത്ത് പരിപാടിയുടെ മാസ്റ്റർ ഓഫ്
സെറിമണിയായി (MC) പ്രവർത്തിച്ചു. നാഷണൽ കൗൺസിൽ അംഗം പ്രിൻസ് ഈപ്പൻ
യോഗാനന്തരം നന്ദി പ്രകാശിപ്പിച്ചു.
സെൻട്രൽ റീജിയന്റെ പരിധിയിലുള്ള വിവിധ മലയാളി അസോസിയേഷനുകളെ
പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തവരും പുതുതായി തിരഞ്ഞെടുക്കപ്പെട്ട
വർക്കിംഗ് കമ്മിറ്റി അംഗങ്ങളും ഫോമയുടെ ദേശീയതലത്തിലുള്ള
പ്രവർത്തനങ്ങൾക്കും സെൻട്രൽ റീജിയന്റെ ഭാവി പ്രവർത്തനങ്ങൾക്കും എല്ലാവിധ
ആശംസകളും പിന്തുണയും അറിയിച്ചു.
പുതിയ നേതൃത്വത്തിന്റെ കീഴിൽ സെൻട്രൽ റീജിയന്റെ സംഘടനാ പ്രവർത്തനങ്ങൾ
കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗസംഘടനകൾ തമ്മിലുള്ള സഹകരണം
വർധിപ്പിക്കുന്നതിനും ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ
വിപുലീകരിക്കുന്നതിനും പ്രാധാന്യം നൽകും.














