
മാർട്ടിൻ വിലങ്ങോലിൽ
ഡാളസ്: വേൾഡ് മലയാളി കൗൺസിലിൻ്റെ 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും അമേരിക്കയിലെ ഡാളസിൽ ഉജ്ജ്വല തുടക്കം. പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ കൂട്ടായ്മയും സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതിൽ വേൾഡ് മലയാളി കൗൺസിൽ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

ഡാളസിൽ നടന്ന പ്രഭോജ്ജ്വലമായ ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചെല്ലൂർ എന്നിവർ ചേർന്ന് കൗൺസിൽ പതാക ഉയർത്തി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക ഘോഷയാത്രയിലും വിളംബര റാലിയിലും അമേരിക്ക, മിഡിൽ ഈസ്റ്റ് (യു.എ.ഇ ഉൾപ്പെടെ), യുകെ & യൂറോപ്പ്, ഇന്ത്യ, ഫാർ ഈസ്റ്റ് & ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൗൺസിൽ റീജിയണുകളുടെയും പ്രൊവിൻസുകളുടെയും പ്രതിനിധികൾ അണിനിരന്നു. ഉദ്ഘാടന സമ്മേളനത്തിൽ ഹൂസ്റ്റൺ 5th ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ വെച്ച് ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ് പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജന് സമ്മാനിച്ചു. ഡോ. പുനലൂർ സോമരാജന് വേണ്ടി നൈനാൻ മത്തായി എം.പി ഫ്രാൻസിസ് ജോർജിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ബിസിനസ് എക്സലൻസ് അവാർഡ് ‘എൻകോൺസ്’ സ്ഥാപകനും സി.ഇ.ഒയുമായ മോബി കെ. ബാബുവിന് ജഡ്ജി സുരേന്ദ്രൻ പട്ടേൽ സമ്മാനിച്ചു. ചടങ്ങിൽ പ്രത്യേക സ്മരണികയുടെ പ്രകാശനവും നിർവ്വഹിച്ചു.
ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചല്ലൂർ, അമേരിക്കൻ റീജിയൺ പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ഗ്ലോബൽ പ്രോഗ്രാം കൺവീനർ ആൻസി തലച്ചല്ലൂർ, ഇന്ത്യ റീജിയൺ ചെയർമാൻ അഡ്വ. കെ. വി. സാബു, ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് പിള്ള തുടങ്ങിയ പ്രമുഖ സംഘടന നേതാക്കളും വിവിധ റീജിയണുകളെ പ്രതിനിധീകരിച്ച് നേതാക്കളും പങ്കെടുത്തു ആശംസകൾ അർപ്പിച്ചു.

തുടർന്ന് രേഷ്മ റോയ് കൊറിയോഗ്രാഹി നിർവഹച്ചു റോയൽ ഡാൻസ് സ്റ്റുഡിയോ അവതരിപ്പിച്ച ഡബ്ള്യൂഎംസി തീം ഡാൻസ്, ശീതൾ സെബിൻ കൊറിയോഗ്രാഫി നിർവഹിച്ച നോർത്ത് ടെക്സസ് പ്രൊവിൻസിന്റെ സ്വാഗതാഞ്ജലി നൃത്തം, കൃഷ്ണകിരൺ കിഷന്റെ ഓപ്പണിംഗ് ഡാൻസ്, ഡോൺ വർഗീസ്, ശങ്കർ നാരായണൻ എന്നിവരുടെ ഗാനമേള, അജി പണിക്കർ – രേഷ്മ ടീമിന്റെ നൃത്തം, ഡോളി പടയാറ്റിലിന്റെ കവിതാലാപനം എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും അരങ്ങേറി.
നാലു ദിവസം നീണ്ടുനിൽക്കുന്ന ആഗോള സമ്മേളനം വൈവിധ്യമാർന്ന പരിപാടികളോടെ തിങ്കളാഴ്ച സമാപിക്കും.
World Malayali Council’s 15th global conference gets off to a great start in Dallas; Expatriate dignitaries from around the world and various regions attend














