3 ദിവസം ഡ്രൈഡേ, പക‌ർച്ചവ്യാധികളെ ചെറുക്കാൻ പഴുതടച്ച പ്രതിരോധത്തിന് ആരോഗ്യവകുപ്പ്, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല

തിരുവനന്തപുരം : മഴക്കാലത്ത് പക‌ർച്ചവ്യാധികളെ ചെറുക്കാൻ പഴുതടച്ച പ്രതിരോധവുമായി ആരോഗ്യവകുപ്പ്. ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻെറ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ജില്ലാ കളക്ട‌ർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസ‌ർമാരുടെയും യോഗത്തിൽ ഇത് സംബന്ധിച്ച് ജില്ലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ തടയുന്നതിനൊപ്പം ഡെങ്കിപ്പനി കേസുകൾ വരും ദിവസങ്ങളിൽ വ‌ർദ്ധിക്കാനിടയുണ്ടെന്ന് യോഗം വിലയിരുത്തി. തിര‍ഞ്ഞെടുപ്പ് കാരണം സംസ്ഥാനത്ത് ഉടനീളം മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടക്കാത്ത സാഹചര്യത്തിലാണിത്. ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന കൊതുകളുടെ ഉറവിട നശീകരണം കാര്യക്ഷമാക്കാൻ ഡ്രൈ ആചരിക്കാനുള്ള കലണ്ട‌ർ പുറത്തിറക്കി. ഈ ആഴ്ചമുതൽ വെള്ളി, ശനി, ഞായ‌‌ർ ദിവസങ്ങളിൽ ഡ്രൈഡേ ആചരിക്കണം. വെള്ളിയാഴ്ച സ്ക്കൂളുകളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈഡേ ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ നി‌ർദ്ദേശം നൽകി.
ഫുഡ് ഇൻസ്‍പെക്ട‌ർമാർ സ്ക്കൂളുകളിൽ പ്രത്യേക പരിശോധന നടത്തണം. ഉച്ചഭക്ഷണം പാചകം ചെയ്യുന്ന ഇടങ്ങളും കുടിവെള്ള സ്രോതസുകളും പരിശോധിക്കണം. ജില്ലകളിൽ ഡ്രൈഡേ കൃത്യമായി നടക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർമാ‍ർ ഉറപ്പാക്കണം.

ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശവകുപ്പിൻെറ പങ്കാളിത്തോടെ നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിൻെറ ഉദ്യോഗസ്ഥരും ഉറപ്പാക്കണം. ഹെൽത്ത് ഇൻസ്പെക്ടർമാർ ഫീഡ്തല പരിശോധന ശക്തമാക്കണം. പനിയും ചുമയും ജലദോഷവുമുള്ള കുട്ടികളെ സ്ക്കൂളിലേക്ക് അയക്കരുത്.
വിവാഹം ഉൾപ്പെടെയുള്ള ആൾക്കൂട്ട ചടങ്ങുകളിൽ പങ്കെടുക്കുന്നവ‌ർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ മാസ്ക്ക് ധരിക്കണം. ആശുപത്രികളിൽ സന്ദ‌ർശനം നടത്തുന്നവരും മാസ്ക്ക് ധരിക്കുന്നത് നല്ലതാണ്. മഴയില്ലാത്ത ദിവസങ്ങളിൽ ഫോഗിംഗ് നടത്തണം. ജില്ലാ കളക്ടർമാർ എല്ലാ ആഴ്ചയും യോഗം വിളിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ് ഐ.എ.എസ്, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ട‌ർ അനു.എസ്.നായർ ഐ.എ.എസ്, കെ.എം.എസ്.സി.എൽ എം.ഡി ഡോ.രേണു രാജ് ഐ.എ.എസ്, ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീധന്യ സുരേഷ് ഐ.എ.എസ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ‍ഡോ.കെ.വി.വിശ്വനാഥൻ തുടങ്ങിയവർ‌ മന്ത്രിയുടെ ചേബറിലും എല്ലാ ജില്ലാ കളക്ടർമാരും ഡി.എം.ഒമാരും ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

നിപ രോഗിയുടെ നിലയിൽ മാറ്റമില്ല

ജില്ലകളിൽ പ്രത്യേക നിരീക്ഷണം
കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുള്ളയാളുടെ നില ഗുരുതമായി തുടരുന്നതായി യോഗത്തിൽ ജില്ലാ കളക്ട‌ർ അറിയിച്ചു. രോഗവ്യാപനമുണ്ടായില്ല. ആശങ്കവേണ്ട. ഷിഗെല്ല കേസുകൾ ജില്ലയിൽ കൂടുതൽ റിപ്പോർ‌ട്ട് ചെയ്യുന്നത് പരമാവധി പരിശോധനകൾ നടത്തുന്നതിനാലാണെന്നും കളക്ട‌ർ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാനിടയുണ്ടെന്നും ജില്ലാ കളക്ട‌റുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണം വേണമെന്നും ജാഗ്രത പുല‌‌ർത്താനും യോഗം തീരുമാനിച്ചു. കൊട്ടിയൂരിൽ ഉത്സവം കണക്കിലെടുത്ത് പ്രത്യേക കരുതൽ വേണമെന്ന് കണ്ണൂ‌ർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഇടുക്കിയിലെ തോട്ടങ്ങളിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ മലേറിയ കൂടുതലായി കണ്ടെത്തുന്നത് ഗൗരവത്തോടെ കാണണമെന്ന് യോഗം നി‌ർദ്ദേശിച്ചു. എല്ലാ അതിഥിതി തൊഴിലാളികളെയും കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

More Stories from this section

family-dental
witywide