ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കടുത്ത ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. നിലവിലെ ധാരണാപത്രം അന്തിമമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാൻ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ അവരുടെ നെറുംതലയിൽ ബോംബിടുമെന്ന് മുന്നറിയിപ്പ് നൽകി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിക്കൊപ്പം ഇരുന്നുകൊണ്ടാണ് ട്രംപ് ഇറാന് നേരെ ആക്രോശിച്ചത്.
ഇറാനുമായുള്ള ധാരണകളിൽ തനിക്ക് അതൃപ്തി തോന്നിയാൽ യുഎസ് ഇതിൽ നിന്നും പിന്മാറുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ 47 വർഷമായി ഇറാൻ മോശമായാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെ ധാരണകൾ ലംഘിച്ച് അവർ മോശമായി പെരുമാറിയാൽ ശക്തമായ ബോംബാക്രമണം നടത്താൻ മടിക്കില്ലെന്നാണ് ട്രംപിന്റെ ഭീഷണി. കരാർ സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ ട്രംപ് നടത്തിയ ഈ പ്രസ്താവന ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഉണ്ടാക്കിയ ഈ ഉടമ്പടി ഒഴിവാക്കാനാവാത്തതാണെന്നും ട്രംപ് സമ്മതിക്കുന്നുണ്ട്. ഒട്ടേറെ കാരണങ്ങളാൽ ഇത് മികച്ചൊരു ഉടമ്പടിയാണെന്നും, ഇതിലൂടെ 99.9 ശതമാനവും ഇറാന് ഒരിക്കലും ആണവബോംബ് നിർമ്മിക്കാൻ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഭാഗികമായി ഇതിനകം തുറന്നുകഴിഞ്ഞതായും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പൂർണ്ണമായി തുറക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Trump Threatens Iran Ahead of Peace Pact: Warns of Bombing if Agreement is Violated











