
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശിയായ ബിജുവാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കൊല്ലം ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളിയായ ഇയാൾക്ക് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. പൊതു ജലാശയങ്ങളിൽ കുളിച്ച പശ്ചാത്തലമില്ലാത്തതിനാൽ വീട്ടിലെ കിണർ വെള്ളത്തിൽ നിന്നാകാം രോഗപ്പകർച്ചയെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കയക്കുകയും പ്രദേശത്ത് ക്ലോറിനേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ജലത്തിൽ കാണപ്പെടുന്ന ‘നെഗ്ലേറിയ ഫൗളേറി’ എന്ന അമീബ തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്ന അപൂർവ്വവും അതീവ ഗുരുതരവുമായ രോഗാവസ്ഥയാണിത്. മൂക്കിലൂടെയോ കർണ്ണപടലത്തിലെ സുഷിരങ്ങളിലൂടെയോ ശരീരത്തിൽ പ്രവേശിക്കുന്ന അമീബ, തലച്ചോറിലെത്തി പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസിന് കാരണമാകുന്നു. 97 ശതമാനത്തിലേറെ മരണനിരക്കുള്ള ഈ രോഗം എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
പനി, കഠിനമായ തലവേദന, ഛർദ്ദി, കഴുത്തുവേദന, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് അമീബിക് മസ്തിഷ്കജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം തീവ്രമാകുന്നതോടെ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവയും പ്രകടമാകാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Young Man Dies of Amoebic Meningoencephalitis in Kozhikode; Infection Suspected From Well Water















