ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗിൽ കെണിയൊരുക്കി എഐ വ്യാജ വെബ്സൈറ്റുകൾ; യഥാർത്ഥ ബ്രാൻഡുകളെ തിരിച്ചറിയാനാവാതെ എ.ഐ ഏജന്‍റുകളും കുടുങ്ങുന്നു

വാഷിംഗ്ടൺ: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ തനിപ്പകർപ്പുകൾ നിർമ്മിക്കാൻ തട്ടിപ്പുകാർ നിർമ്മിത ബുദ്ധി വ്യാപകമായി ഉപയോഗിക്കുന്നതായും, ഇത്തവണത്തെ ബ്ലാക്ക് ഫ്രൈഡേ വിപണിയിൽ ഉപഭോക്താക്കൾ ആശ്രയിക്കുന്ന എഐ ഏജന്‍റുകൾക്ക് പോലും ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും മുന്നറിയിപ്പ്. തങ്ങൾക്കുവേണ്ടി ഓൺലൈൻ പർച്ചേസുകൾ നടത്താനും പണമിടപാടുകൾ പൂർത്തിയാക്കാനും എ.ഐ ഏജന്റുകളെ ചുമതലപ്പെടുത്തുന്ന ദശലക്ഷക്കണക്കിന് അമേരിക്കൻ ഉപഭോക്താക്കൾക്കാണ് ഇത്തരം വ്യാജ സൈറ്റുകൾ വലിയ ഭീഷണിയായിരിക്കുന്നത്.

ഒരു ബ്രാൻഡിന്റെ ലോഗോ, പരസ്യ വാചകങ്ങൾ, ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ, വിവരണങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി യഥാർത്ഥ വെബ്സൈറ്റുകളെ വെല്ലുന്ന വ്യാജ പതിപ്പുകൾ മണിക്കൂറുകൾക്കുള്ളിൽ നിർമ്മിക്കാൻ എ.ഐയിലൂടെ തട്ടിപ്പുകാർക്ക് സാധിക്കുന്നുണ്ടെന്ന് ഡാറ്റാ അഗ്രഗേറ്റർ സ്ഥാപനമായ ‘സ്പോക്കിയോ’ സഹസ്ഥാപകൻ ഹാരിസൺ ടാങ് വ്യക്തമാക്കി. മുൻപ് ദിവസങ്ങളോ ആഴ്ചകളോ എടുത്തിരുന്ന വ്യാജ ഇ-കൊമേഴ്‌സ് സൈറ്റുകളുടെ നിർമ്മാണം എ.ഐ സഹായത്തോടെ കേവലം മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ കുറ്റവാളികൾക്ക് കഴിയുന്നുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ ഗവേഷണങ്ങളും ചൂണ്ടിക്കാട്ടുന്നു.

യു.ജി.ജി, എൽ.എൽ. ബീൻ, കോൺവേഴ്സ്, സ്റ്റെല്ല മക്കാർട്ട്നി തുടങ്ങി അറുപതോളം പ്രമുഖ ബ്രാൻഡുകളെ അനുകരിക്കുന്ന 65 വ്യത്യസ്ത വ്യാജ ഓൺലൈൻ സ്റ്റോറുകളെയാണ് സ്പോക്കിയോ അടുത്തിടെ കണ്ടെത്തിയത്. യഥാർത്ഥ വെബ്സൈറ്റുകളും തട്ടിപ്പ് സൈറ്റുകളും തമ്മിലുള്ള വ്യത്യാസം വളരെ സൂക്ഷ്മമായതിനാൽ ശ്രദ്ധയോടെ പരിശോധിച്ചാൽ മാത്രമേ തട്ടിപ്പ് തിരിച്ചറിയാനാകൂ. ഉദാഹരണത്തിന്, കോൺവേഴ്സിന്റെ യഥാർത്ഥ വെബ്സൈറ്റ് വിലാസം converse.com ആണെങ്കിൽ, തട്ടിപ്പുകാർ ഉപയോഗിക്കുന്നത് converseshop.us.com എന്ന വിലാസമാണ്.

മനുഷ്യരെപ്പോലെ വ്യാജ വെബ്സൈറ്റുകളെ തിരിച്ചറിയാൻ എ.ഐ ബോട്ടുകൾക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ, അവ ഉപഭോക്താക്കളെ അബദ്ധത്തിൽ തട്ടിപ്പ് സൈറ്റുകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് ‘പോഡ്കി’ എന്ന സ്ഥാപനം നടത്തിയ പഠനം വ്യക്തമാക്കുന്നു. ഓപ്പൺ എ.ഐയുടെ ചാറ്റ് ജി.പി.ടി, ഗൂഗിളിന്റെ ജെമിനി, പെർപ്ലെക്സിറ്റി തുടങ്ങിയ ജനപ്രിയ എ.ഐ ടൂളുകളോട് വിവിധ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ എവിടെ നിന്ന് വാങ്ങാമെന്ന് ചോദിച്ചപ്പോൾ, ലഭിച്ച ഉത്തരങ്ങളിൽ 18 ശതമാനത്തിലധികവും വ്യാജമോ നിയമവിരുദ്ധമോ ആയ വെബ്സൈറ്റുകളിലേക്കാണ് വിരൽചൂണ്ടിയത്. സ്ട്രീറ്റ്‌വെയർ ബ്രാൻഡായ ‘സ്റ്റസി’യുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ പെർപ്ലെക്സിറ്റി നിർദ്ദേശിച്ച us-stussy.com എന്ന വിലാസം ഒരു വ്യാജ സൈറ്റിലേക്കാണ് നയിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി.

വെബ്സൈറ്റ് വിലാസങ്ങളിലെ അക്ഷരത്തെറ്റുകൾ, കമ്പനിയുടെ ഔദ്യോഗിക ഫോൺ നമ്പറോ മേൽവിലാസമോ ഇല്ലാതിരിക്കുക, വിശ്വസിക്കാൻ കഴിയാത്തത്ര കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുക, ‘സ്കാം അഡ്വൈസർ’ അല്ലെങ്കിൽ ‘ബെറ്റർ ബിസിനസ് ബ്യൂറോ’ എന്നിവയുടെ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കുക എന്നിവയിലൂടെ ഇത്തരം വ്യാജ സൈറ്റുകളെ തിരിച്ചറിയാമെന്നും, ഇടപാടുകൾ നടത്തുന്നതിന് മുൻപ് ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

More Stories from this section

family-dental
witywide