ന്യൂഡൽഹി: തന്റെ പൗരത്വത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. താൻ ഇന്ത്യൻ പൗരനാണെന്ന് വ്യക്തമാക്കുന്നതിനായി ഇന്ത്യൻ പാസ്‌പോർട്ട് ഉയർത്തിക്കാട്ടി വിഡിയോ പുറത്തുവിട്ടു.“ഞാൻ ഇന്ത്യൻ പൗരനാണ്. ഇതാ എന്റെ പാസ്‌പോർട്ട്. ഞാൻ ഇന്ത്യൻ പൗരനാണ്, എന്നും അങ്ങനെതന്നെ തുടരും,” എന്നും എക്‌സിൽ പങ്കുവച്ച വിഡിയോയിൽ ധ്രുവ് റാഠി പറയുന്നു.
തടങ്കലിലാക്കിയ നടപടിയെ ന്യായീകരിക്കാനായി മാധ്യമങ്ങളിലെ ചില വിഭാഗങ്ങൾ തന്റെ പൗരത്വത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇനി പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് താൻ ഉറപ്പുനൽകിയെന്ന പ്രചാരണവും ധ്രുവ് റാഠി നിഷേധിച്ചു.
ശനിയാഴ്ച രാവിലെ സാധാരണ വേഷത്തിലെത്തിയ ചിലർ തന്റെ താമസസ്ഥലത്തുനിന്ന് തന്നെ കൊണ്ടുപോയെന്നാണ് ധ്രുവ് റാഠിയുടെ ആരോപണം. രാവിലെ ഏഴോടെ ഉറങ്ങിക്കിടക്കുമ്പോൾ ഇരുപതോളം പേർ വീട്ടിൽ കയറിയെന്നും ആരാണെന്ന് ചോദിക്കാൻ പോലും അവസരം നൽകാതെ തന്നെ കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയ തന്നെ 22–23 മണിക്കൂറോളം അഭിഭാഷകനെ ബന്ധപ്പെടാനോ ഫോൺ ഉപയോഗിക്കാനോ അനുവദിച്ചില്ലെന്നും റാഠി ആരോപിച്ചു. കിടപ്പുമുറിയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമർശിച്ച റാഠി, നിലവിലെ സാഹചര്യത്തെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യെന്നാണ് വിശേഷിപ്പിച്ചത്.
രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ താൻ തുടർന്നും ശബ്ദമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും റാഠി ആരോപിച്ചു.
YouTuber Dhruv Rathee flashes passport, rejects rumours about his nationality: ‘I am Indian citizen and will always remain one’









