‘എന്നിലെ റഹ്മാന്‍ ആരാധകന്‍ ഇന്ന് മരിച്ചു’ : ചെന്നൈ എആര്‍ റഹ്മാന്‍ ഷോയിൽ വൻ പ്രതിഷേധം

ചെന്നൈ: സംഗീത സംവിധായകന്‍ എആർ റഹ്മാന്‍റെ ചെന്നൈയിലെ മ്യൂസിക്ക് ഷോയ്ക്കെതിരെ രോഷവുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. ‘മറക്കുമാ നെഞ്ചം’ എന്ന സംഗീത പരിപാടിയാണ് ആരാധകര്‍ക്ക് ദുരിതം സമ്മാനിച്ചത്. ഞായറാഴ്ച ചെന്നൈയുടെ പ്രാന്തപ്രദേശത്താണ് പരിപാടി നടന്നത്. മ്യൂസിക് ഷോയില്‍ പങ്കെടുക്കാൻ ആയിരക്കണക്കിന് എആർ റഹ്മാൻ ആരാധകരാണ് എത്തിയത്. എന്നാല്‍ പലര്‍ക്കും വേദിക്ക് അടുത്ത് പോലും എത്താന്‍ സാധിച്ചില്ല.

ആയിരങ്ങള്‍ മുടക്കി ടിക്കറ്റ് എടുത്തവര്‍ക്ക് മുന്‍പേ അവരുടെ സീറ്റുകള്‍ ആളുകള്‍ കൈയ്യേറിയെന്നാണ് ആരോപണം. എക്സിലെ ഒരു പോസ്റ്റില്‍ 2000 രൂപ ടിക്കറ്റ് എടുത്ത ആരാധകര്‍ക്ക് അടക്കം ഷോ കാണാന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ഇതേ സമയം രോഷത്തിലായ പല ആരാധകരും എആര്‍ റഹ്മാനെയും എക്സില്‍ ടാഗ് ചെയ്തിട്ടുണ്ട്. ഷോ സംഘടകരെയും എആര്‍ റഹ്മാനെയും മോശമായ ഭാഷയിലാണ് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും അഭിസംബോധന ചെയ്യുന്നത്.

അതേ സമയം എആര്‍ റഹ്മാന്‍ ഷോയില്‍ ഉണ്ടായിരുന്ന സീറ്റുകളെക്കാൾ കൂടുതല്‍ ടിക്കറ്റുകള്‍ സംഘാടകര്‍ വിറ്റെന്നും. അതിനാല്‍ തന്നെ വലിയൊരു വിഭാഗത്തിന് അകത്ത് കയറാന്‍ കഴിഞ്ഞില്ലെന്നുമാണ് വിവരം. സംഘാടകര്‍ അടുപ്പക്കാര്‍ അടക്കം വലിയൊരു വിഭാഗത്തെ അനധികൃതമായി നേരത്തെ മറ്റുള്ളവര്‍ ബുക്ക് ചെയ്ത സീറ്റുകളില്‍ ഇരുത്തിയെന്നും ആരോപണമുണ്ട്. തിരക്കിലും മറ്റും പെട്ട് ദുരിതത്തിലായ എആര്‍ റഹ്മാന്‍ ആരാധകരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്.

എതാനും ദിവസം മുന്‍പ് വരെ ചെന്നൈയിലെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച തന്നെ എആര്‍ റഹ്മാന്‍ ഷോയുടെ ടിക്കറ്റ് ലഭിക്കുമോ എന്നതായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ഷോ നടന്ന സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത് കടുത്ത ഭാഷയിലുള്ള പോസ്റ്റുകളാണ്.

“ചരിത്രത്തില്‍ തന്നെ ഏറ്റവും മോശം സംഗീത പരിപാടിയാണ് ഇത്. മനുഷ്യത്വത്തെ ആദരിക്കാന്‍ കഴിയണം. മുപ്പത് വര്‍ഷത്തെ എആര്‍ റഹ്മാന്‍ ആരാധന ഇന്ന് മരിച്ചു. ‘മരക്കുമ നെഞ്ചം’ എന്ന പരിപാടി ഒരിക്കലും മറക്കില്ല. സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ചുറ്റും എന്ത് നടക്കുന്നു എന്നതും ഒന്ന് നോക്കണം” – ഒരു ആരാധകന്‍ കുറിച്ചു.