നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്. സാമ്പത്തികമായും ലൈംഗികമായും ഷിയാസ് തന്നെ ചൂഷണം ചെയ്തതായി കാണിച്ച് യുവതി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നഗ്നദൃശ്യങ്ങൾ പോൺ വെബ്‌സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാം ചാറ്റുകൾ, വോയ്‌സ് റെക്കോർഡുകൾ, പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ എന്നിവ യുവതി പോലീസിന് കൈമാറി.
സുഹൃത്തും പങ്കാളിയുമായിരുന്ന കാലത്താണ് ചൂഷണം നടന്നതെന്നാണ് യുവതിയുടെ മൊഴി. മാനസികമായി പീഡിപ്പിക്കുന്നത് തുടർന്ന സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടുവന്നതെന്ന് ഇവർ വ്യക്തമാക്കി. നേരത്തെ തന്നെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന മറ്റൊരു കേസിലും ഷിയാസ് പ്രതിയായിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ പരാതിയിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് വർഷം മുൻപ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് സമാനമായ മറ്റൊരു കേസിൽ ഷിയാസ് കരീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് കാസർകോട് സ്വദേശിയായ യുവതിയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി നൽകിയിരുന്നത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം ആരോപണങ്ങൾ നടന്റെ കരിയറിലും വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുകയാണ്. പാലാരിവട്ടം പോലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി വരികയാണ്.
Fresh case against Shiyas Kareem; Woman alleges blackmail and extortion of 49 lakhs













