
ടെല്‍ അവിവ്: ഇസ്രയേലും ഹമാസും തമ്മിലെ ഏറ്റുമുട്ടലിന്റെ പൂര്‍ണ ഉത്തരവാദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണെന്ന കുറ്റപ്പെടുത്തലുമായി ഇസ്രയേലി ദിനപത്രം ‘ഹാരെറ്റ്‌സ്’. പലസ്തീനികളുടെ അസ്തിത്വത്തെയും അവകാശങ്ങളെയും പരസ്യമായി അവഗണിക്കുന്ന ഒരു വിദേശനയമാണ് നെതന്യാഹു സ്വീകരിച്ചതെന്നും, ബോധപൂര്‍വം രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണെന്ന കാര്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടെന്നും ‘ഹാരെറ്റ്‌സ്’ മുഖപ്രസംഗത്തില്‍ പറയുന്നു.
തന്റെ വിശാലമായ രാഷ്ട്രീയ പരിചയസമ്പന്നതയിലും സുരക്ഷാ കാര്യങ്ങളിലെ അറിവിലും അഭിരമിക്കുന്ന നെതന്യാഹു, ബെസാലെല്‍ സ്‌മോട്രിച്ചിനെയും ഇറ്റാമര്‍ ബെന്‍-ഗ്വിറിനെയും പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുമ്പോള്‍, കൂട്ടിച്ചേര്‍ക്കലും പിടിച്ചെടുക്കലും നയമാക്കിയ സര്‍ക്കാറിനെ സ്ഥാപിക്കുമ്പോള്‍, പലസ്തീനികളുടെ അസ്തിത്വത്തെയും അവകാശങ്ങളെയും പരസ്യമായി അവഗണിക്കുമ്പോള്‍ ബോധപൂര്‍വം രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണെന്ന കാര്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹു സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും തലയിലിടും.
നഫ്താലി ബെന്നറ്റിന്റെയും ജെയര്‍ ലാപിഡിന്റെയും ഹ്രസ്വകാല സര്‍ക്കാര്‍ സ്വീകരിച്ച, ഗാസയിലും വെസ്റ്റ് ബാങ്കിലുമായി പലസ്തീന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഇരുചിറകുകളും അരിയാനുള്ള നയവും രൂപപ്പെടുത്തിയത് നെതന്യാഹുവാണ്.
മുന്‍കാലങ്ങളില്‍ യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും ഒഴിവാക്കിയ നേതാവെന്നാണ് നെതന്യാഹു സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, അവസാനത്തെ തെരഞ്ഞെടുപ്പ് വിജയത്തോടെ വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ക്കാനും വംശീയ ഉന്മൂലനത്തിനും നേതൃത്വം നല്‍കി നയം പൂര്‍ണമായും വലതുപക്ഷത്തേക്ക് മാറി. അല്‍ അഖ്‌സ പള്ളിക്കരികെ ടെംപിള്‍ മൗണ്ടിന് സമീപം ജൂതസാന്നിധ്യം വര്‍ധിപ്പിച്ചതെല്ലാം ഇതിലുള്‍പ്പെടും. പ്രതീക്ഷിച്ചപോലെ തന്നെ ഇസ്രയേലി അധിനിവേശക്കാരുടെ ഭാരം പലസ്തീനികള്‍ അനുഭവിച്ച വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷങ്ങളുണ്ടായിത്തുടങ്ങി. ഈ സാഹചര്യത്തെ ആക്രമണത്തിനുള്ള അവസരമാക്കി ഹമാസ് മുതലെടുക്കുകയായിരുന്നു -മുഖപ്രസംഗത്തില്‍ പറയുന്നു.
ഇസ്രയേലിന് മുകളില്‍ എല്ലാറ്റിനുമുപരിയായി അപകടം പതിയിരിപ്പുണ്ട്. മൂന്ന് അഴിമതിക്കേസുകളില്‍ കുറ്റാരോപിതനായ ഒരു പ്രധാനമന്ത്രിക്ക് ഭരണ കാര്യങ്ങള്‍ നോക്കാന്‍ കഴിയില്ല. ശിക്ഷയും ജയില്‍വാസവും ഒഴിവാക്കുന്നതിന് ദേശീയതാല്‍പര്യത്തെ ഉപയോഗിക്കും -‘ഹാരെറ്റ്‌സ്’ മുഖപ്രസംഗത്തില്‍ പറയുന്നു.














