ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ ലഹരിവില്‍പ്പന; പ്രതി റോബിന്‍ ജോര്‍ജ് പൊലീസ് പിടിയില്‍

ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ ലഹരിവില്‍പ്പന നടത്തി വരികയായിരുന്ന കുമാരനല്ലൂര്‍ സ്വദേശി റോബിന്‍ ജോര്‍ജ് പൊലീസ് പിടിയില്‍. പൊലീസില്‍ നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് റോബിനെ പൊലീസ് പിടികൂടുന്നത്. റോബിന്റെ സുഹൃത്ത് ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ കണ്ടെത്തുന്നതിന് പൊലീസിനെ സഹായിച്ചത്. കഴിഞ്ഞ ദിവസം റോബിന്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം തമിഴ്നാട്ടിലേക്ക് നീണ്ടത്. റോബിനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തുമെന്നാണ് വിവരം.

കഴിഞ്ഞ നാല് ദിവസമായി റോബിനായി പൊലീസ് കേരളത്തിന് അകത്തും പുറത്തും വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് കഴിഞ്ഞയാഴ്ച പൊലീസ് റോബിന്റെ ലഹരിമരുന്ന് വില്‍പ്പന പിടികൂടിയത്. എന്നാല്‍ പോലീസിനെ കബളിപ്പിച്ച് റോബിന്‍ രക്ഷപ്പെട്ടിരുന്നു. ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. പുലര്‍ച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാന്‍ എന്ന വ്യാജേന രണ്ടുപേരെ പോലീസ് റോബിനടുത്തേക്ക് വിടുകയായിരുന്നു. എന്നാല്‍ പൊലീസ് സാന്നിധ്യം സംശയിച്ച റോബിന്‍ മുന്തിയ ഇനം നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെട്ടു.

പ്രദേശത്ത് സ്ഥിരം ശല്യക്കാരന്‍ ആയിരുന്നു റോബിന്‍ എന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ആക്രമിക്കാന്‍ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തില്‍ റോബിനെതിരെ വേറെയും കേസുകള്‍ ഉണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ ലഹരി കച്ചവടം നടത്തി വരികയായിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. അതിനിടെ പൊലീസെത്തിയാല്‍ ആക്രമിക്കുന്നതിനായി പ്രത്യേക ഉദ്ദേശത്തോടെ റോബിന്‍ നായകളെ പരിശീലിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.

More Stories from this section

family-dental
witywide