വിദ്യാർത്ഥികളെ യുദ്ധത്തിലേക്ക് തള്ളിവിട്ട് റഷ്യ; സർവ്വകലാശാലകളിൽ സൈനിക റിക്രൂട്ട്മെൻ്റ് ശക്തമാകുന്നുവെന്ന് റിപ്പോർട്ട്

മോസ്കോ: യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ സർവ്വകലാശാലാ വിദ്യാർത്ഥികളെ സൈന്യത്തിലേക്ക് എത്തിക്കാൻ റഷ്യൻ ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതായി റിപ്പോർട്ട്. ഡ്രോൺ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്ന ‘യുഎവി (UAV) സേന’യിലേക്കാണ് വിദ്യാർത്ഥികളെ പ്രധാനമായും ആകർഷിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ് റഷ്യൻ വിദ്യാർത്ഥികളെ ഉദ്ധരിച്ച് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

സർവ്വകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് വിദ്യാർത്ഥികളോട് യുദ്ധത്തിൽ ചേരാൻ ആവശ്യപ്പെടുന്നു. കാമ്പസുകളിൽ ഉടനീളം സൈനിക റിക്രൂട്ട്മെൻ്റ് പോസ്റ്ററുകൾ പതിച്ചിരിക്കുകയാണ്. വീഡിയോ ഗെയിമുകളിലും ഇ-സ്‌പോർട്‌സിലും താല്പര്യമുള്ള യുവാക്കളെയാണ് സൈന്യം പ്രധാനമായും ലക്ഷ്യമിടുന്നത്. “നിങ്ങൾ വീഡിയോ ഗെയിമുകളിൽ സമയം കളയുകയാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്” എന്ന രീതിയിലുള്ള ആകർഷകമായ പരസ്യങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

മുൻനിര യുദ്ധഭൂമിയിൽ നിന്ന് മാറി സേവനം അനുഷ്ഠിക്കാമെന്നും, ഒരു വർഷത്തെ കരാർ കാലാവധി മതിയെന്നുമാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന ഉറപ്പ്. എന്നാൽ ഇത് വിദ്യാർത്ഥികളെ സൈന്യത്തിൻ്റെ ഭാഗമാക്കാനുള്ള തന്ത്രം മാത്രമാണെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പഠിച്ച സെൻ്റ് പീറ്റേഴ്‌സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള റഷ്യയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഈ പ്രചാരണത്തിൻ്റെ ഭാഗമാണ്.

 റഷ്യയിലെ സർവ്വകലാശാലകൾക്ക് അവരുടെ ആകെ വിദ്യാർത്ഥി എണ്ണത്തിൻ്റെ 0.5% മുതൽ 2% വരെ സൈനിക റിക്രൂട്ട്മെൻ്റ് ക്വോട്ട നൽകിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം 70-ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സജീവമാണ്. പരീക്ഷകളിൽ പരാജയപ്പെട്ടവരേയോ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരേയോ ആണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. സൈന്യത്തിൽ ചേരാത്ത പക്ഷം സർവ്വകലാശാലയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയും ഉയരുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. റഷ്യയിൽ ഉന്നത പഠനത്തിനായി പോയ ഉത്തരാഖണ്ഡ് സ്വദേശിയായ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ നിർബന്ധിച്ച് റഷ്യൻ സൈന്യത്തിൽ ചേർക്കുകയും യുക്രൈനിലേക്ക് യുദ്ധത്തിന് അയക്കുകയും ചെയ്തതായി അടുത്തിടെ ആരോപണം ഉയർന്നിരുന്നു.

2022-ൽ നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയപ്പോൾ ലക്ഷക്കണക്കിന് യുവാക്കൾ രാജ്യം വിട്ടിരുന്നു. സമാനമായ പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ഇത്തവണ കൂടുതൽ തന്ത്രപരമായ നീക്കങ്ങളാണ് റഷ്യൻ സർക്കാർ നടത്തുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Russia is pushing students into war; Military recruitment is increasing in universities, report says

More Stories from this section

family-dental
witywide