‘ധൂം’ സംവിധായകൻ സഞ്ജയ് ഗാദ്‌വി അന്തരിച്ചു

മുംബൈ: സംവിധായകനും തിരക്കഥാകൃത്തുമായ സഞ്ജയ് ഗാദ്‌വി അന്തരിച്ചു. 56 വയസായിരുന്നു. ഇന്ന് രാവിലെ 9.30ഓടെ മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഹൃദയാഘാതമാകാം മരണകാരണമെന്ന് മകൾ സഞ്ജിന ഗാദ്‌വി അറിയിച്ചു.

മുംബൈയിലെ വീട്ടിൽ ഭാര്യ ജിനയ്ക്കും രണ്ട് പെൺമക്കൾക്കുമൊപ്പമാണ് സഞ്ജയ് ഗാദ്‌വി താമസിച്ചിരുന്നത്. 2004ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ധൂം, 2006ലെ ധൂം 2 എന്നിവ സഞ്ജയ് ഗാദ്‌വി സംവിധാനം ചെയ്തവയാണ്.

2000ൽ തേരേ ലിയേ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സഞ്ജയ് ഗാദ്‌വിയുടെ ബോളിവുഡ് അരങ്ങേറ്റം. മേരേ യാർ കി ശാദി ഹെ, കിഡ്നാപ്, അജബ് ഗസബ് ലവ്, ഓപറേഷൻ പരിൻദേയ് എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.