
ന്യഡൽഹി: വനഭൂമി ഉപയോഗിക്കുന്നതിനു കൂടുതൽ ഇളവുകൾ നൽകുന്ന വനസംരക്ഷണ ഭേദഗതി നിയമം ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. ഈ നിയമം വരുന്നതോടെ ഇപ്പോൾ ജനവാസ മേഖലകളായ വനഭൂമിക്ക് പട്ടയം നൽകി പതിച്ചു നൽകാനാകും. വിവിധ നിർമാണ പ്രവൃത്തികൾക്കും അനുവാദം ലഭിക്കും. കേരളത്തിൽ ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ ഒരുപാട് പേർക്ക് ഈ നിയമം വഴി ഭൂമിക്ക് പട്ടയം കിട്ടാൻ വഴി തെളിയും.
ഈ നിയമം വഴി വനത്തിലൂടെയുള്ള റെയിൽ, റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് മുൻകൂർ കേന്ദ്ര അനുമതി വേണ്ട. 1927 ലെ ഇന്ത്യൻ വനനിയമ പ്രകാരമോ1980 ലെ നിയമം വന്നതിനു ശേഷമോ സർക്കാർ രേഖകളിൽ വനം എന്ന് നോട്ടിഫൈ ചെയ്യപ്പെട്ടവയ്ക്ക് മാത്രമാണ് ഈ നിയമം ബാധകം. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾക്കോ സർക്കാർ സ്ഥാപനങ്ങൾക്കോ വനഭൂമി അനുവദിക്കുന്നതിനു മുമ്പ് കേന്ദ്രത്തിൻ്റെ അനുമതി വേണം.
ജനവാസ മേഖലകളായ എന്നാൽ റവന്യു രേഖകളിൽ വനമായിട്ടുള്ള ഭൂമികൾ ഇനി അങ്ങനെയായിരിക്കില്ല. ഇത്തരം ഭൂമികൾ പതിച്ചു നൽകുന്നത് ഉൾപ്പെടെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഇനി കേന്ദ്രനുമതിയോ ഡിറിസർവ് ചെയ്തു എന്നുള്ള വിജ്ഞാപനമോ വേണ്ട. വനത്തിലൂടെ പോകുന്ന റോഡ്, റയിൽ എന്നിവയും അതിൻ്റെ ഇരുവശങ്ങളും ഇനി മുതൽ വന ഭൂമി അല്ല. അതുകൊണ്ടു തന്നെ പല പ്രധാന റോഡുകളുടെ വികസനവും ഇനി വേഗത്തിൽ നിർവഹിക്കാനാകും.
Forest Conservation Amendment act 2023 will come into effect on 1st December











