രഹസ്യകേന്ദ്രത്തിൽ പുതിയ പരമോന്നത നേതാവ്; പിതാവിന്‍റെ വിലാപയാത്രയ്ക്ക് മൊജ്തബ ഖമേനി എത്തുമോ? ആകാംഷയോടെ ലോകം

ടെഹ്റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങുകൾ പുരോഗമിക്കവെ, രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത് പുതിയ പരമോന്നത നേതാവും ഖമേനിയുടെ മകനുമായ മൊജ്താബ ഖമേനിയുടെ സാന്നിധ്യത്തിനായാണ്. വിലാപയാത്രയോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം പരസ്യമായി പ്രത്യക്ഷപ്പെടുമോ എന്ന ചോദ്യമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചതുമുതൽ രഹസ്യകേന്ദ്രത്തിൽ കഴിയുന്ന മൊജ്താബ, ഇതുവരെ രേഖാമൂലമുള്ള പ്രസ്താവനകളിലൂടെ മാത്രമാണ് അനുയായികളുമായി സംവദിച്ചിട്ടുള്ളത്. തന്റെ ശബ്ദമോ മുഖമോ അദ്ദേഹം ഇതുവരെ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല.

പിതാവ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മൊജ്താബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും അദ്ദേഹത്തിന്റെ മാതാവും ഭാര്യയും ആ ആക്രമണത്തിൽ മരണപ്പെട്ടിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്ന ചിത്രം നൽകാനാണ് ഇറാനിയൻ അധികൃതർ ശ്രമിക്കുന്നത്. വാഷിംഗ്ടണുമായി ടെഹ്‌റാൻ നടത്തുന്ന നിർണായക ചർച്ചകൾക്ക് പിന്നിൽ മൊജ്താബയാണെന്ന് പോലും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ വിലാപചടങ്ങുകളിലെ അദ്ദേഹത്തിന്റെ സാന്നിധ്യം രാജ്യത്തിനകത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിന് വലിയ രീതിയിലുള്ള രാഷ്ട്രീയ അംഗീകാരം നേടിക്കൊടുക്കും. എന്നാൽ, കഴിഞ്ഞ ബുധനാഴ്ച അന്തരിച്ച തന്റെ ഭാര്യയുടെ സ്വകാര്യ അനുസ്മരണ ചടങ്ങിൽ പോലും അദ്ദേഹം പങ്കെടുക്കാതിരുന്നത് ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്. അദ്ദേഹം വിലാപയാത്രയ്ക്ക് എത്തിയില്ലെങ്കിൽ, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നിലവിൽ ആരാണ് ഇറാന്റെ ഭരണം നിയന്ത്രിക്കുന്നത് എന്നതിനെക്കുറിച്ചും വലിയ രീതിയിലുള്ള സംശയങ്ങൾ ഉയരും.

ഇതിനിടെ, പുതിയ ഇറാൻ ഭരണാധികാരി മൊജ്താബ ഖമേനിയെ വധിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ പ്രസ്താവന മേഖലയിൽ കടുത്ത ഭീതി പടർത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ നേതൃത്വത്തിന് നേരെയുണ്ടാകുന്ന ഏതൊരു ഭീഷണിക്കും ശക്തവും തൽക്ഷണവുമായ മറുപടി നൽകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി മുന്നറിയിപ്പ് നൽകി. സുരക്ഷാ കാരണങ്ങളാലാണ് മൊജ്താബ ചടങ്ങിൽ പങ്കെടുക്കാത്തതെന്ന വിശദീകരണം നൽകി ഭരണകൂടത്തിന് ഇതിനെ പ്രതിരോധിക്കാമെങ്കിലും, അദ്ദേഹത്തിന്റെ അഭാവം ഇറാന്റെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കും. ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് പരമോന്നത നേതാവിന്റെ ഓഫീസിന്റെ മാത്രം തീരുമാനമാണെന്ന് പറഞ്ഞ് ചടങ്ങിന്റെ മുഖ്യ സംഘാടകനായ അലി അക്ബർ പൂർജംഷിദിയൻ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയതും ഈ നിഗൂഢതയുടെ ആഴം കൂട്ടുന്നു.

More Stories from this section

family-dental
witywide