
ബെയ്ജിങ്: രണ്ട് മുൻനിര ചൈനീസ് ടെക് കമ്പനികളായ അലിബാബയും ബൈദുവും അടുത്തിടെ പുറത്തിറക്കിയ ഡിജിറ്റൽ മാപ്പിൽ നിന്ന് ഇസ്രയേലിനെ ‘നീക്കം’ ചെയ്തു. ഭൂപടങ്ങളിൽ ഇസ്രയേലിന്റെ അന്തർദേശീയമായി അംഗീകരിക്കപ്പെട്ട അതിർത്തികൾ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ രാജ്യത്തിന്റെ പേര് പരാമർശിക്കുന്നില്ല.
ഭൂപടങ്ങളിൽ ലക്സംബർഗ് പോലെയുള്ള ചെറിയ രാജ്യങ്ങളുടെ പേരുകൾ പോലും കമ്പനികൾ പരാജയപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്, എന്നാൽ ഇസ്രയേലിനെ അവഗണിച്ചു.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ പലസ്തീനൊപ്പം നിലകൊള്ളുന്ന നിലപാടാണ് ചൈന മാവോ സേതുങ്ങിന്‍റെ കാലം മുതൽക്കേ സ്വീകരിച്ചുപോന്നത്. നിലവിലെ സംഘർഷസാഹചര്യവും എത്രയും വേഗം അവസാനിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
മാപ്പുകളിൽനിന്ന് ഇസ്രയേലിന്‍റെ പേര് ഒഴിവാക്കിയത് പുതിയ നീക്കമാണോ എന്നു വ്യക്തമല്ല. അതേസമയം, യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഈ നടപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പുതിയ വിവാദത്തിൽ ആലിബാബയും ബൈദുവും പ്രതികരിച്ചിട്ടില്ല.












