ബെയ്ജിങ്: അമേരിക്കൻ നാവികസേനയുടെ ആർലി ബർക്ക് (Arleigh Burke) ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറിന്റെ പൂർണ വലുപ്പത്തിലുള്ള മാതൃക ചൈന നിർമിച്ചതായി പുതിയ ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഷിൻജിയാങ് പ്രവിശ്യയിലെ റുവോക്യാങ് ടെസ്റ്റ് റേഞ്ചിൽ സ്ഥാപിച്ചിരിക്കുന്ന ഈ മാതൃക, കപ്പൽവിരുദ്ധ മിസൈൽ ശേഷി കൂടുതൽ ശക്തിപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
ഉപഗ്രഹ ചിത്രങ്ങളിൽ ഏകദേശം ആറ് മീറ്റർ വീതിയുള്ള റെയിൽ സംവിധാനത്തിൽ കപ്പലിന്റെ വലുപ്പത്തിലുള്ള ലക്ഷ്യവസ്തു ഘടിപ്പിച്ചിരിക്കുന്നതും വ്യക്തമാണ്. സഞ്ചരിക്കുന്ന യുദ്ധക്കപ്പലുകളെ അനുകരിച്ച് മിസൈലുകളുടെ ലക്ഷ്യനിർണയം, ട്രാക്കിങ്, ആയുധപരിശോധന എന്നിവ നടത്താനാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ റോയിട്ടേഴ്സിനോട് പറഞ്ഞു.
അമേരിക്കൻ നേവൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം, ഈ പരീക്ഷണകേന്ദ്രം നേരത്തെയും ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചിരുന്നതാണ്.നിരവധി അമേരിക്കൻ യുദ്ധക്കപ്പലുകളുടെ മാതൃകകളും റെയിലിലൂടെ നീക്കാൻ കഴിയുന്ന മറ്റ് കപ്പൽ മാതൃകകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും ലക്ഷ്യം കണ്ടെത്തുന്നതിനും മിസൈൽ പരീക്ഷണങ്ങൾക്കുമായി ഇവ ഉപയോഗിക്കാനാകുമെന്നും ഓൾസോഴ്‌സ് അനാലിസിസ് റിപ്പോർട്ടിൽ പറയുന്നു.
കപ്പലുകളുടെ മാതൃകകളിലും പരിസരത്തുമായി നിരവധി സെൻസറുകൾ സ്ഥാപിച്ചിരിക്കുന്നതും ഈ കേന്ദ്രം ദീർഘകാലാടിസ്ഥാനത്തിൽ വിവിധ പരീക്ഷണങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണെന്ന സൂചന നൽകുന്നതായും റിപ്പോർട്ട് വിലയിരുത്തുന്നു.മിസൈൽ പരിശീലനത്തിനും ലക്ഷ്യപരിശോധനയ്ക്കുമായി ഈ യുദ്ധക്കപ്പൽ മാതൃക ഉപയോഗിക്കുന്നതായും, ഭാവിയിൽ സമുദ്രസൈനിക സംഘർഷമുണ്ടായാൽ ശത്രുരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളെ കൃത്യമായി ലക്ഷ്യമിടാനുള്ള ശേഷി വർധിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ന്യൂസ്‌വീക്കിന്റെ റിപ്പോർട്ട് പ്രകാരം, ആർലി ബർക്ക് ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ അമേരിക്കൻ നാവികസേനയുടെ പ്രധാന ഉപരിതല യുദ്ധക്കപ്പലുകളിൽ ഒന്നാണ്. വിമാനവാഹിനി യുദ്ധസംഘങ്ങൾക്ക് സുരക്ഷയൊരുക്കുക, വ്യോമപ്രതിരോധം ഉറപ്പാക്കുക, ദീർഘദൂര മിസൈൽ ആക്രമണങ്ങൾ നടത്തുക തുടങ്ങിയ ദൗത്യങ്ങൾ നിർവഹിക്കാൻ ഇവയ്ക്ക് കഴിയും.തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ എന്നിവയെ ചൊല്ലി അമേരിക്കയും ചൈനയും തമ്മിലുള്ള തന്ത്രപരമായ മത്സരം ശക്തമായി തുടരുന്നതിനിടെയാണ് പുതിയ നീക്കം പുറത്തുവരുന്നത്.
2021-ലും സമാനമായ മാതൃകകൾ ചൈന നിർമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഷിൻജിയാങിലെ തക്ലമകാൻ മരുഭൂമിയിലെ പരീക്ഷണകേന്ദ്രത്തിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലിന്റെയും കുറഞ്ഞത് രണ്ട് ആർലി ബർക്ക് ക്ലാസ് യുദ്ധക്കപ്പലുകളുടെയും പൂർണ വലുപ്പത്തിലുള്ള മാതൃകകൾ നിർമിച്ചതായി അന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. കപ്പൽവിരുദ്ധ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളുടെ ഭാഗമായി അവ ലക്ഷ്യവസ്തുക്കളായി ഉപയോഗിച്ചെന്നാണ് വിലയിരുത്തൽ.
അതേസമയം, പുതിയ ഉപഗ്രഹ ചിത്രങ്ങളെക്കുറിച്ച് ചൈനീസ് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
China builds full-scale US warship replica for missile target practice, satellite images show












