കരയുദ്ധം ഹമാസിൻ്റെ 150 ഭൂഗർഭ താവളങ്ങൾ തകർത്തെന്ന് ഇസ്രയേൽ,ഗാസയിൽ മരണം 8000 കടന്നു

ജറുസലം: ഗാസയിൽ ഇസ്രയേൽ – ഹമാസ് നേർക്കു നേർ കരയുദ്ധവും കടുത്ത വ്യോമാക്രമണവും തുടരുന്നു. മൊബൈൽ – ഇൻ്റർനെറ്റ് സൌകര്യങ്ങൾ ഇല്ലാതായതോടെ വാർത്തകൾ പുറത്തുവരാൻ ഏറെ വൈകും. സംഘർഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.

“ഇത് യുദ്ധത്തിന്റെ രണ്ടാം ഘട്ടമാണ്. ഹമാസിന്റെ ഭരണ-സൈനിക ശേഷിയെ ഇല്ലാതാക്കുകയും ബന്ദികളെ തിരിച്ചെത്തിക്കുകയുമാണ് ലക്ഷ്യം. ഭൂമിക്ക് മുകളിലും ഭൂഗർഭ അറകളിലും കഴിയുന്ന ശത്രുക്കളെ നശിപ്പിക്കും. ഇത് തുടക്കം മാത്രമാണ്” ടെൽ അവീവിൽ നെതന്യാഹു പറഞ്ഞു. കൂടാതെ ഹമാസുമായുള്ള സംഘർഷം ദീർഘകാലം നീണ്ടുനിൽക്കുന്നതും ദുഷ്കരവുമായിരിക്കുമെന്ന് നെതന്യാഹു ആവർത്തിച്ചു. 

നെതന്യാഹുവിൻ്റെ പ്രസ്താവന വന്ന സാഹചര്യത്തിൽ ഗാസയിൽ ഇനി കൊടിയ ദുരന്തത്തിൻ്റെ നാളുകളായിരിക്കുമെന്ന് ഉറപ്പാണ്. ഗാസ മുനമ്പിലെ കരയാക്രമണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഹെർസി ഹാലെവിയും പറഞ്ഞു.

വടക്കൻ ഗാസയിലെ ഹാമാസിൻ്റെ 150 ഭൂഗർഭ സൈനിക താവളങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസിൻ്റെ വ്യോമ പ്രതിരോധ മേധാവി ആസിം അബു റക്ബയേയും നാവിക പ്രതിരോധ കമാൻഡർ റാതിബ് അബു സാഹിബാനേയും വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു. ഓക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളാണ് റക്ബ എന്ന് ഇസ്രയേൽ പറയുന്നു.

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 8000 ൽ ഏറെപലസ്തീനികൾ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന കണക്ക്. ഇതിൽ പകുതിയും കുട്ടികളാണ്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ അടിയിൽ ഇനിയും ആരു കാണാതെ കിടക്കുന്ന ആയിരക്കണക്കിന് മനുഷ്യർ ഗാസയിലുണ്ട്.

ഗാസയിലെ വാർത്താ വിനിമയ സംവിധാനം തടസ്സപ്പെട്ടതോടെ ആംബുലൻസ് അടക്കമുള്ള അവശ്യ സേവന സർവീസുകൾ തടസ്സപ്പെട്ടതായി റെഡ് ക്രോസ് അറിയിക്കുന്നു. ലോകാരോഗ്യ സംഘടനയ്ക്കും മറ്റ് സംഘടനകൾക്കും പുറം ലോകവുമായി ബന്ധപ്പെടാനാകാത്തത് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

 ഇസ്രയേൽ തടവിലാക്കിയിരിക്കുന്ന മുഴുവൻ പലസ്തീനികളെയും വിട്ടയച്ചാൽ ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഒബെയ്‌ദ പറഞ്ഞു. ഒക്ടോബർ ഏഴിന് സർവ സുരക്ഷാ സംവിധാനങ്ങളും പൊളിച്ച് ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണത്തിൽ ഇരുനൂറിലധികം പേരെ ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയിരുന്നു. ഇവരെ വിട്ടയക്കണമെങ്കിൽ ആദ്യം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം ഹമാസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനുപിന്നാലെയാണ് പുതിയ ആവശ്യവുമായി ഹമാസ് രംഗത്തെത്തുന്നത്.

ആറായിരത്തിലധികം പലസ്തീനി തടവുകാർ ഇസ്രയേൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയുടെ റിപ്പോർട്ട്.

കുറഞ്ഞത്ത് 110 മെഡിക്കൽ ഉദ്യോഗസ്ഥരെങ്കിലും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 12 ഹോസ്പിറ്റലുകളും 46 പ്രാഥമിക ചികിത്സ കേന്ദ്രങ്ങളും ഇന്ധന ക്ഷാമത്തെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. വടക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് 24 ആശുപത്രികളാണ് ഒഴിയേണ്ടി വന്നത്. കൂടാതെ ഐക്യരാഷ്ട്ര സഭയുടെ 53 പ്രവർത്തകരും മുനമ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Israel opened land war face

More Stories from this section

family-dental
witywide