ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ഏറ്റെടുത്ത രാജ്യത്തെ യുവജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രാത്രി പോസ്റ്റ് ചെയ്ത തൻ്റെ വീഡിയോ കണ്ടതിനും നൽകിയ ക്രിയാത്മകമായ നിർദ്ദേശങ്ങൾക്കും പ്രതികരണങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പുതിയ വീഡിയോ പങ്കുവെച്ചു. കഴിഞ്ഞ ദിവസത്തെ വീഡിയോയ്ക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തോളം പുതിയ ഫോളോവേഴ്‌സിനെയാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.
ഇന്നലെ അർധരാത്രി പോസ്റ്റു ചെയ്ത വീഡിയോ ഇതുവരെ 304 മില്യൺ ആളുകളാണ് കണ്ടത്. നന്ദിയറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത പുതിയ വീഡിയോ നാലര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിൽ മന്ത്രിമാരോട് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. യുവജനങ്ങളിലേക്ക് സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്തിക്കാനാണ് ഈ നീക്കമെന്നാണ് വിവരം.
അതേസമയം, പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം സജീവതയെയും നിലപാടിനെയും രൂക്ഷമായി പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) രംഗത്തെത്തി. രാജ്യത്ത് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം തുടരുമ്പോൾ ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള മോദിയുടെ പുതിയ പരിഹാരമാർഗ്ഗമാണോ ഇതെന്നും ക്യാബിനറ്റിൽ ഈ വിഷയമാണോ ചർച്ച ചെയ്യേണ്ടതെന്നും സി.ജെ.പി ചോദിച്ചു.
Modi Thanks Youngsters for Response to Instagram Video; CJP Takes a Jibe










