‘ജയിക്കുന്നതു വരെ യുദ്ധം’; ഗാസയില്‍ വെടിനിര്‍ത്തല്‍ സംഭവിക്കില്ലെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം തള്ളിയ നെതന്യാഹു, വെടിനിര്‍ത്തല്‍ ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്നും പ്രതികരിച്ചു. വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങള്‍ ഇസ്രയേല്‍ ഹമാസിന് കീഴടങ്ങാനും തീവ്രവാദത്തിന് കീഴടങ്ങാനുമുള്ള ആഹ്വാനങ്ങളാണ്. അതൊരിക്കലും സംഭവിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

ഇത് യുദ്ധത്തിനുള്ള സമയമാണ്. ഈ യുദ്ധം ജയിക്കുന്നതുവരെ ഇസ്രായേല്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശത്രുവിനെ താഴെ നിന്നും മുകളില്‍ നിന്നും നേരിടും എന്നാണ് നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടില്‍ നിന്ന് ഇസ്രയേല്‍ ഒരിഞ്ച് പോലും പിന്നോട്ടില്ല. നീണ്ടതും പ്രയാസമേറിയതുമായ സൈനിക നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും നെതന്യാഹു ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം ഗാസയില്‍ 230 ഇസ്രയേലുകാരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടിരുന്നു. ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് ഇസ്രയേല്‍ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ നെതന്യാഹു സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികള്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇസ്രയേല്‍ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാല്‍ ബന്ദികളെ വിട്ടുനല്‍കാമെന്ന് ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 പലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്.

More Stories from this section

family-dental
witywide