
ഗാസ: ജബലിയ അഭയാർഥി ക്യാംപിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപാണ് ജബലിയ. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകളെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേൽ വ്യോമാക്രമണത്തിൽ ജബലിയ അഭയാർഥി ക്യാമ്പ് പൂർണ്ണമായി നശിപ്പിക്കപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഡയറക്ടർ അറിയിച്ചു.
“നൂറുകണക്കിന് പൗരന്മാർ താമസിക്കുന്ന ഈ കെട്ടിടങ്ങൾ അധിനിവേശ വ്യോമസേന പൂർണമായി നശിപ്പിച്ചു. ആറ് യു.എസ് നിർമ്മിത ബോംബുകൾ ഉപയോഗിച്ചാണ് തകർത്തത്. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ഒടുവിലെ കൂട്ടക്കൊലയാണിത്” -ഡിഫൻസ് ഡയറക്ടർ അഹ്മദ് അൽ കഹ്‌ലൂത്ത് ഖാൻ യൂനിസിലെ ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇസ്രയേലിന് തടയിടാൻ അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും എത്രപേർ മരിച്ചുവെന്ന് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ലെന്നും ഗാസ ഇന്തോനേഷ്യൻ ഹോസ്പിറ്റൽ ഡയറക്‌ടർ അൽ ജസീറയോട് പറഞ്ഞു. ഇന്ധനക്ഷാമം കാരണം നാളെ വൈകുന്നേരം ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.












