കാനഡയില്‍ വന്‍ ഖലിസ്ഥാന്‍ പ്രതിഷേധം, ഇന്ത്യന്‍ പതാക കത്തിച്ചു

ഓട്ടവ: കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഓഫിസുകള്‍ക്കും എംബസിക്കും മുന്നില്‍ ഖലിസ്ഥാന്‍ വാദികളുടെ വന്‍ പ്രതിഷേധം. ടൊറൻ്റോയില്‍ ഇരുനൂറിലേറെ പേര്‍ കോണ്‍സുലേറ്റിനു മുന്നില്‍ തടിച്ചു കൂടി ഇന്ത്യന്‍ പതാക കത്തിച്ചു. നരേന്ദ്രമോദിയുടെ കട്ടൗട്ടിലേക്ക് ചെരിപ്പ് എറിഞ്ഞു. ഓട്ടവയിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ നൂറില്‍ അധികമാളുകള്‍ ചേര്‍ന്ന് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കി. വാന്‍കൂവറിലും പ്രതിഷേധമുണ്ടായി. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചും ഇന്ത്യയ്ക്കെതിരെ മുദ്രാവക്യം മുഴക്കിയുമാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ഇവര്‍ ഖലിസ്ഥാന്‍ പതാകയേന്തിയിരുന്നു. ഏതാണ്ട് 8 ലക്ഷത്തോളം സിഖ് വംശജര്‍ കാനഡയിലുണ്ട്. കാന‍ഡ പൗരനായിരുന്ന ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഏജൻ്റുമാരുടെ പങ്കുണ്ട് എന്ന ആരോപണത്തെ തുടര്‍ന്ന് വഷളായ ഇന്ത്യ – കാനഡ ബന്ധം കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഇന്ത്യയ്ക്ക് പുറത്തു കഴിയുന്ന ഖലിസ്ഥാന്‍ വാദികളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ഷിപ് കാര്‍ഡുകള്‍( ഒസിഐ) റദ്ദാക്കാനും ഇന്ത്യ നടപടികള്‍ തുടങ്ങിയിരുന്നു. ഖലിസ്ഥാന്‍വാദി ഗുര്‍പട് വന്ത് സിങ് പന്നുവിന്റെ സ്വത്ത് കട്ടുകെട്ടിയതിനു പിന്നാലെ മറ്റ് 19 പേരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കിയാല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സാധിക്കില്ല. നീക്കം നടക്കുന്നു എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

നിയമം അനുസരിച്ച്, ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ആജീവനാന്ത വീസ ലഭിക്കും. ഇന്ത്യയില്‍ സ്വത്ത് വാങ്ങാനും വില്‍ക്കാനും കഴിയും. ഈ കാര്‍ഡ് റദ്ദാക്കുന്നതോടെ ഖലിസ്ഥാന്‍ വാദികള്‍ക്ക് ഇന്ത്യയില്‍ വന്ന് പ്രവര്‍ത്തിക്കാനാവില്ല. കാനഡ, യുകെ, യുഎസ്. ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യ ഇറക്കിയിരിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദി പട്ടികയിലുള്ളവര്‍ കഴിയുന്നത്.

More Stories from this section

family-dental
witywide