
പാര്‍ലമെന്റില്‍ അതിക്രമിച്ച കയറിയ കേസിലെ നാല് പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമെന്ന് ഡൽഹി പൊലീസ്. ഇവരെ ഡല്‍ഹി പട്യാല ഹൗസ് കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സർക്കാർ വിരുദ്ധ സമരത്തൻ്റെ ഭാഗമായാണ് പ്രതിഷേധമെന്നാണ് പൊലീസിന് നൽകിയ മൊഴി. 15 ദിവസത്തെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടെങ്കിലും 7 ദിവസമേ കോടതി അനുവദിച്ചുള്ളു.
സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരെയും പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധത്തിനിടെ പിടിയിലായ നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ആസൂത്രിത ആക്രമണമാണെന്നും പിടിയിലായവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ട് എന്നും ഡല്‍ഹി പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഒളിവിൽ കഴിയുന്ന ലളിത് ഝായ്ക്കായി തിരച്ചിൽ ഊർജിതമാക്കി. ഇവർക്ക് എതിരെ യുഎപിഎ ആണ് ചുമത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണ്‍മാനില്ലെന്നു എഴുതിയ ലഘുലേഖ പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പ്രധാനമന്ത്രിയെ കണ്ടെത്തുന്നവര്‍ക്ക് സ്വിസ് ബാങ്കില്‍ നിന്നും സമ്മാനം ലഭിക്കും എന്നും എഴുതിയിരുന്നു. പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി ലക്നൗ, മുംബൈ, മൈസൂര്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോകണമെന്നും പോലീസ് കോടതിയെ അറിയിച്ചു.പ്രതികളുടെ പണമിടപാടുകള്‍ അന്വേഷിക്കണമെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
പാര്‍ലമെന്റിലെ അതിക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ ബിഹാര്‍ സ്വദേശി ലളിത് ഝാ ആണെന്നാണ് ദില്ലി പോലീസ് വ്യക്തമാക്കുന്നത്. പ്രതികള്‍ ഷൂസിനുള്ളില്‍ വെച്ച് കളര്‍ സ്പ്രേ കടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ലഖ്നൗവില്‍ നിന്ന് രണ്ട് ജോഡി ഷൂസ് വാങ്ങിയാണ് ഇവര്‍ ഇവിടെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. അതിക്രമത്തിന് പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ താമസിച്ചിരുന്നത് കൊല്‍ക്കത്തയിലാണ്. അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. എല്ലാവരും പാര്‍ലമെന്റിന് അകത്ത് കയറണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും പാസ് ലഭിച്ചത് രണ്ട് പേര്‍ക്ക് മാത്രമാണ്.
Parliament security breach : police accused the 4 arrested linked with terrorism















