
വാഷിങ്ടൻ: ഇറാന് മേലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിനും ഇതിൻ്റെ രണ്ട് അനുബന്ധ സ്ഥാപനങ്ങൾക്കും അമേരിക്കൻ ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തി. ഇസ്തംബുൾ ആസ്ഥാനമായുള്ള ഗോൾഡൻ ഗ്ലോബൽ യാതിരിം ബങ്കാസി എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.
ഇറാനും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ, പ്രത്യേകിച്ച് ഇറാനിലേക്ക് ചൈനയുടെ എണ്ണപ്പണം എത്തിക്കുന്നതിൽ ഈ ബാങ്ക് ഇടനിലക്കാരായി പ്രവർത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് യുഎസിൻ്റെ ഈ നീക്കം. ചരിത്രത്തിൽ ആദ്യമായാണ് ഒരു നാറ്റോ സഖ്യരാജ്യത്തിലെ ബാങ്കിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുന്നത്.
2019-ൽ പ്രവർത്തനം ആരംഭിച്ച ഈ ബാങ്കിന് 516.63 മില്യൻ ഡോളറിൻ്റെ ആസ്തിയുണ്ട്. പുതിയ ഉപരോധത്തോടെ ബാങ്കിനും അനുബന്ധ സ്ഥാപനങ്ങൾക്കും ഡോളർ അധിഷ്ഠിത സാമ്പത്തിക വിനിമയങ്ങൾ നടത്താൻ സാധിക്കില്ല. കൂടാതെ, ഈ സ്ഥാപനങ്ങളുമായി ഇനി സാമ്പത്തിക ഇടപാടുകൾ തുടരുന്ന മറ്റ് രാജ്യാന്തര ബാങ്കുകളും യുഎസിൻ്റെ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രഷറി വകുപ്പ് മുന്നറിയിപ്പ് നൽകി.
US strikes first time on a bank in a NATO ally; Turkish bank sanctioned for financial dealings with Iran, China also ‘under pressure’














