
തൃശ്ശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് എട്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരിച്ച എട്ടുപേരും തമിഴ്നാട് സ്വദേശികളായ കോളേജ് വിദ്യാർഥികളാണെന്നാണ് പ്രാഥമിക നിഗമനം.
ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മധുര രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൻ്റെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഏഴുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ പൂർണ്ണമായി തകർന്ന നിലയിലായിരുന്നതിനാൽ അഗ്നിരക്ഷാസേന വാഹനം വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
സംഭവസ്ഥലത്തുനിന്ന് ഡിണ്ടിഗൽ പി.എസ്.എൻ.എ. എൻജിനീയറിങ് കോളേജിലെ ഒരു വിദ്യാർഥിയുടെ ഐ.ഡി. കാർഡ് കണ്ടെടുത്തിട്ടുണ്ട്. റോഡിൽ അനധികൃതമായി ലോറി പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tragic road accident on Thrissur National Highway: 8 students die after car rams into parked lorry













