
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി
മത്സരത്തിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ, മത്സരത്തിന്റെ
സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ഫസ്റ്റ് എയ്ഡ് കമ്മിറ്റിയും
സജ്ജമായി. മത്സരത്തിനിടെ ഉണ്ടാകാവുന്ന പരിക്കുകൾക്കും മറ്റ്
ആരോഗ്യപ്രശ്നങ്ങൾക്കും എത്രയും വേഗത്തിൽ പ്രാഥമിക ചികിത്സയും ആവശ്യമായ
പരിചരണവും ഉറപ്പാക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.
അലക്സ് പടിഞ്ഞാറേൽ ചെയർമാനായ ഫസ്റ്റ് എയ്ഡ് കമ്മിറ്റിയിൽ ഷിക്കാഗോയിലെ
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നിരവധി പരിചയസമ്പന്നർ അംഗങ്ങളാണ്.
ഫിസിക്കൽ തെറാപ്പി, നഴ്സിംഗ്, റെസ്പിറേറ്ററി തെറാപ്പി തുടങ്ങി വിവിധ
ആരോഗ്യ മേഖലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച പ്രൊഫഷണലുകളാണ് ടീമിന്റെ ഭാഗമായിരിക്കുന്നത്.
വടംവലി മത്സരത്തിനിടെ പരിക്കേൽക്കുന്നവർക്കും അടിയന്തര ആരോഗ്യസഹായം
ആവശ്യമായി വരുന്നവർക്കും പ്രാഥമിക ചികിത്സയും സംരക്ഷണവും നൽകുന്നതിനായി ടീം പൂർണ സജ്ജമാണെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിന്റെ ആവേശത്തിനൊപ്പംപങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷയ്ക്കും തുല്യ പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ ഒരുക്കങ്ങൾ. ഇത്തവണത്തെ ഫസ്റ്റ് എയ്ഡ് സേവനങ്ങൾക്ക് Hope Home Health Services, Everyday Care Home Care, Quality Physical Therapy എന്നീ സ്ഥാപനങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഫസ്റ്റ് എയ്ഡ് കമ്മിറ്റിക്ക് നേതൃത്വം നൽകി
വരുന്ന അലെക്സ് പടിഞ്ഞാറേലിന്റെ നേതൃത്വത്തിൽ, തുടക്കം മുതൽ തന്നെ
കമ്മിറ്റിയുമായി സഹകരിച്ചു വരുന്ന നിരവധി അംഗങ്ങളും ഇത്തവണയും
സേവനത്തിനിറങ്ങും. വർഷങ്ങളായി മത്സരത്തിന്റെ സുരക്ഷ ഉറപ്പാക്കിയും
പരിക്കേറ്റവർക്ക് സമയോചിതമായി പരിചരണം നൽകിയും വടംവലിയുടെ സുഗമമായ
നടത്തിപ്പിന് ഫസ്റ്റ് എയ്ഡ് കമ്മിറ്റി നിർണായക സംഭാവനയാണ് നൽകിവരുന്നത്.
ഫസ്റ്റ് എയ്ഡ് കമ്മിറ്റിയുടെ സ്തുത്യർഹമായ സേവനത്തെ അഭിനന്ദിച്ചുകൊണ്ട്,
ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയെ
പ്രതിനിധീകരിച്ച് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വടംവലി ഓർഗനൈസിംഗ്
കമ്മിറ്റിയെ പ്രതിനിധീകരിച്ച് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ
കമ്മിറ്റി അംഗങ്ങൾക്ക് പ്രത്യേക നന്ദി അറിയിച്ചു.
Chicago Social Club’s extensive first aid committee ready to secure tug-of-war















