
ഗാസയിലെ സാധാരണക്കാരെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും ആശങ്കാകുലനാണെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്. ഇസ്രയേല്‍ ഇതുവരെ നടത്തിയ ആക്രമണങ്ങളുടെ രീതി കണക്കിലെടുക്കുമ്പോള്‍ ഇനിയും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും കരമാര്‍ഗം ആക്രമണം നടത്തുമ്പോള്‍ ഗാസയില്‍ ഇനിയും ആയിരക്കണക്കിന് ആളുകള്‍ കൂടി മരിക്കാന്‍ സാധ്യതയുണ്ടെന്നും വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ വളരെ മോശമാണെന്നും ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തതിനാല്‍ ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകത്തിന് മനസിലാക്കാന്‍ മാര്‍ഗമില്ലാതായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അവിടെ സുരക്ഷിതമായ ഒരു സ്ഥലവുമില്ല, പുറത്തുകടക്കാന്‍ ഒരു വഴിയുമില്ല. അവിടെയുള്ളവര്‍ക്ക് പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ പോലും കഴിയുന്നില്ലെന്നും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പറഞ്ഞു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 7,703 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതില്‍ 3,500 ല്‍ അധികം കുട്ടികളാണ് മരിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളുടെ ഇടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കണക്കാക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയവരെ കണ്ടെത്താനോ രക്ഷിക്കാനോ ഡിഫന്‍സ് ടീമുകള്‍ക്ക് കഴിഞ്ഞിട്ടില്ല












