ഇറാൻ യുദ്ധം: സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാനും ബ്രിട്ടനെതിരെ നീങ്ങാനും അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ യുഎസ് പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. സ്പെയിനിനെ സഖ്യത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുക, ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ കാര്യത്തിൽ ബ്രിട്ടനുള്ള പിന്തുണ പിൻവലിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പെൻ്റഗണിൻ്റെ ആഭ്യന്തര ഇമെയിലിൽ ഉള്ളതായി ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

യുദ്ധാവശ്യങ്ങൾക്കായി താവളങ്ങൾ ഉപയോഗിക്കാനോ വിമാനങ്ങൾക്ക് ആകാശപാത നൽകാനോ വിസമ്മതിക്കുന്ന രാജ്യങ്ങളോട് അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇത്തരം സഹകരണങ്ങൾ നാറ്റോ സഖ്യത്തിൻ്റെ അടിസ്ഥാനമാണെന്നാണ് അമേരിക്കയുടെ വാദം.

ഇറാൻ വിഷയത്തിലെ ഭിന്നതയെത്തുടർന്ന്, ബ്രിട്ടൻ്റെ അധീനതയിലുള്ള ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ കാര്യത്തിൽ അമേരിക്ക സ്വീകരിച്ചിരുന്ന നിലപാട് പുനഃപരിശോധിക്കാൻ നീക്കമുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കാൻ നാവികസേനയെ അയക്കാത്ത സഖ്യകക്ഷികളെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. നാറ്റോയിൽ നിന്ന് പിന്മാറുന്ന കാര്യം താൻ പരിഗണിച്ചേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

അമേരിക്കയുമായുള്ള ഈ ഭിന്നത 76 വർഷം പഴക്കമുള്ള നാറ്റോ സഖ്യത്തിൻ്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുകയാണ്. തങ്ങൾ ആക്രമിക്കപ്പെട്ടാൽ അമേരിക്ക സഹായത്തിനെത്തില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഭയപ്പെടുന്നു. യുഎസ് നാവികസേനയ്‌ക്കൊപ്പം ചേരുന്നത് നേരിട്ടുള്ള യുദ്ധത്തിന് തുല്യമാകുമെന്ന് ബ്രിട്ടനും ഫ്രാൻസും വാദിക്കുന്നു. എന്നാൽ വെടിനിർത്തലിന് ശേഷം കടലിടുക്ക് തുറക്കാൻ സഹായിക്കാമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ നാറ്റോ ഒരു ഏകപക്ഷീയമായ സംവിധാനമാകാൻ കഴിയില്ലെന്നും സഖ്യകക്ഷികൾ ഉത്തരവാദിത്തം കാണിക്കണമെന്നുമാണ് ട്രംപ് ഭരണകൂടം പറയുന്നത്.

സ്പെയിനിനെ സഖ്യത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത് അമേരിക്കയുടെ സൈനിക നീക്കങ്ങളെ വലിയ രീതിയിൽ ബാധിക്കില്ല. എന്നാൽ, ഇത് ഒരു വലിയ പ്രതീകാത്മകമായ മുന്നറിയിപ്പായിരിക്കുമെന്ന് ഇമെയിൽ ചൂണ്ടിക്കാട്ടുന്നു.
ഒരു രാജ്യത്തെ സസ്പെൻഡ് ചെയ്യാൻ നിലവിൽ നാറ്റോയിൽ എന്തെങ്കിലും പ്രത്യേക സംവിധാനമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യൂറോപ്യൻ രാജ്യങ്ങളുടെ ‘അധിനിവേശ പ്രദേശങ്ങളുടെ’ കാര്യത്തിൽ അമേരിക്ക നൽകി വരുന്ന നയതന്ത്ര പിന്തുണ പുനഃപരിശോധിക്കണമെന്നും ഇമെയിലിൽ നിർദ്ദേശമുണ്ട്. ബ്രിട്ടൻ്റെ നിയന്ത്രണത്തിലുള്ള ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ കാര്യത്തിൽ അർജന്റീന ഉന്നയിക്കുന്ന അവകാശവാദത്തിന് അമേരിക്ക പിന്തുണ നൽകിയേക്കാം. നിലവിൽ ട്രംപിൻ്റെ അടുത്ത സഖ്യകക്ഷിയായ ഹാവിയർ മിലിയാണ് അർജന്റീനയുടെ പ്രസിഡൻ്റ്. 1982-ൽ ഫോക്ക്‌ലാൻഡ് ദ്വീപുകളെ ചൊല്ലി ബ്രിട്ടനും അർജന്റീനയും തമ്മിൽ യുദ്ധം നടന്നിരുന്നു. അന്ന് അർജന്റീന പരാജയപ്പെട്ട ആ യുദ്ധത്തിൽ 650 അർജന്റീന സൈനികരും 255 ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

അമേരിക്കയുടെ ഇറാൻ യുദ്ധത്തിൽ ചേരാൻ വിസമ്മതിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറെ ട്രംപ് പലതവണ അധിക്ഷേപിച്ചു. സ്റ്റാർമറെ “ഭീരു” എന്ന് വിളിച്ച ട്രംപ്, അദ്ദേഹം ഒരിക്കലും “വിൻസ്റ്റൺ ചർച്ചിലിനെപ്പോലെയല്ല” എന്നും പരിഹസിച്ചു. ബ്രിട്ടൻ്റെ വിമാനവാഹിനിക്കപ്പലുകൾ വെറും “കളിപ്പാട്ടങ്ങൾ” മാത്രമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ് താവളങ്ങളിൽ നിന്ന് ഇറാനെ ആക്രമിക്കാൻ അമേരിക്ക ആദ്യം അനുമതി ചോദിച്ചിരുന്നെങ്കിലും ബ്രിട്ടൻ അത് നിരസിച്ചു. എന്നാൽ പിന്നീട്, ബ്രിട്ടീഷ് പൗരന്മാരടക്കമുള്ള മേഖലയിലെ താമസക്കാരെ ഇറാന്റെ പ്രത്യാക്രമണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള പ്രതിരോധ ദൗത്യങ്ങൾക്ക് മാത്രം ബ്രിട്ടൻ അനുമതി നൽകുകയായിരുന്നു.

Iran War: US reportedly considering expelling Spain from NATO and moving against Britain

More Stories from this section

family-dental
witywide