പരിക്കിൽ നിന്ന് മുക്തനാകാതെ മൊജ്‌താബ ഖമനേയി; ഇറാനിൽ തീരുമാനങ്ങളെടുക്കുന്നത് ഐആർജിസി സംഘമെന്ന് ന്യൂയോർക്ക് ടൈംസ്

യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ പരിക്കേറ്റ, പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്‌താബ ഖമനേയി പരിക്കിൽ നിന്ന് മുക്തനായിട്ടില്ലെന്നും ഇറാനിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറി (ഐആർജിസി)ലെ ഒരുകൂട്ടം ഉന്നത കമാൻഡർമാർ ചേർന്നെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. മൊജ്‌താബ ഖമനേയി നേരിട്ടുള്ള നിയന്ത്രണങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനാലും ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ പരിമിതപ്പെടുത്തുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ഫെബ്രുവരി 28-ാം തീയതി നടത്തിയ ആക്രണത്തിൽ മൊജ്താബയ്ക്ക് മുഖത്തിനും കാലിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് സംസാരിക്കാനും ചലിക്കാനും അദ്ദേഹം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിവരം. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ ഇദ്ദേഹത്തിന് ഇനിയും ചികിത്സ വേണ്ടിവന്നേക്കും. ഒരു കാലിന് ഇതിനകം മൂന്നു ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. വെപ്പുകാൽ വേണ്ടിവന്നേക്കുമെന്നാണ് വിവരം. മുഖത്തും ചുണ്ടിലും പൊള്ളലേറ്റതാണ് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകാൻ കാരണം. അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഉദ്യോഗസ്ഥരുമായി മൊജ്‌താബ പുലർത്തുന്നത് പരിമിതമായ ബന്ധമാണെന്നും പിതാവ് ആയത്തൊള്ള അലി ഖമനേയിയെ പോലെ കേന്ദ്രീകൃത അധികാരപ്രയോഗം അദ്ദേഹം നടത്തുന്നില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പകരം അധികാരം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി)യുടെ ഉന്നത കമാൻഡർമാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവർ ജനറലുമാരുടെ ഒരു ബോർഡ് എന്ന നിലയ്ക്ക് പ്രവർത്തിക്കുകയും സൈനികതന്ത്രങ്ങൾ ആവിഷ്കരിക്കുകയും ഭരണനിർവഹണം നടപ്പാക്കുകയും ചെയ്യുന്നുവെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് അടയ്ക്കൽ, യുഎസുമായുള്ള നയതന്ത്രചർച്ചകൾ തുടങ്ങിയ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് ഇവരാണ്.

നിർണായക തീരുമാനം ജനറൽമാർ എടുക്കുമ്പോൾ, ഒരു ‘ബോർഡ് ഡയറക്ട‌ർ’ എന്ന നിലയ്ക്കാണ് മൊജ്‌താബ പ്രവർത്തിക്കുകന്നതെന്ന് മുൻ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദിനെജാദിന്റെ ഉപദേശകരിലൊരാൾ പറഞ്ഞു. കാര്യങ്ങളുടെ പൂർണനിയന്ത്രണം മൊജ്‌താബയുടെ കൈവശമല്ലെന്നും പലപ്പോഴും അന്തിമതീരുമാനം കൈക്കൊണ്ടശേഷം അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുകയാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

ഹൃദയശസ്ത്രക്രിയാവിദഗ്‌ധൻ കൂടിയായ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, മൊജ്താബയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മൊജ്‌താബയെ എതിരാളികൾ ഉന്നംവെച്ചേക്കാമെന്ന ഭീതിയെ തുടർന്ന് ഉന്നതോദ്യോഗസ്ഥരും സൈനിക മേധാവികളും പോലും അദ്ദേഹവുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കുകയാണ്. നിലവിൽ മൊജ്‌താബ ഒളിവിലാണുള്ളതെന്നും കൈപ്പടയിലെഴുതിയ കുറിപ്പുകൾ വിശ്വസ്തരായ ദൂതന്മാരുടെ ശൃംഖലകൾ മുഖാന്തരം കൈമാറിയാണ് ആശയവിനിമയം നടത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Mojtaba Khamenei still recovering from injury; New York Times says IRGC group makes decisions in Iran

More Stories from this section

family-dental
witywide