രാജു എബ്രഹാം ഫൊക്കാന 2024-2026 നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഡോ. കല ഷഹി

ഫൊക്കാന 2024-2026 കാലയളവില്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് ന്യൂയോര്‍ക്കില്‍ നിന്നും രാജു എബ്രഹാം മത്സരിക്കുന്നു. ഡോ. കല ഷഹിയുടെ പാനലില്‍ നിന്നാണ് രാജു എബ്രഹാം മത്സരിക്കുന്നത്. ഫൊക്കാനയുമായി നിരവധി വര്‍ഷത്തെ ബന്ധം കാത്തുസൂക്ഷിക്കുന്ന രാജു എബ്രഹാം മുപ്പത്തിയഞ്ച് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം പരിപൂര്‍ണ്ണമായും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അഖില കേരള ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും തുടങ്ങിയ രാജു എബ്രഹാം 1983 ലാണ് അമേരിക്കയില്‍ എത്തിയത്.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം സെക്രട്ടറി, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തികഞ്ഞ വള്ളം കളി പ്രേമികൂടിയായ രാജു എബ്രഹാം ന്യൂ യോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബിന്റെ ഇപ്പോഴത്തെ സെക്രട്ടറി കൂടിയാണ്. കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റു കൂടിയാണ്.കലാരംഗത്തും സജീവമായ രാജു എബ്രഹാം വോക്കല്‍ ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, യോഗ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

കെ.സി. എ. എന്‍. എ ചെണ്ടമേളം കോര്‍ഡിനേറ്റര്‍ കൂടിയായ രാജു എബ്രഹാം മുഴുവന്‍ സമയ സംഘടനാ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമാവുകയാണ്. സമ്പൂര്‍ണ്ണ കലാകാരിയും മികച്ച സംഘാടകയും ഒപ്പം നില്‍ക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ക്ക് സംഘടനയില്‍ അവസരങ്ങളും , വേദികളും പങ്കുവെയ്ക്കുന്ന ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള ടീമില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ബാബു സ്റ്റീഫന്‍ , ഡോ. കല ഷഹി എന്നിവര്‍ നയിക്കുന്ന ഫൊക്കാന ഇപ്പോള്‍ വിജയത്തിന്റെ പാതയിലാണ്.

നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മുന്‍പോട്ടു പോകുമ്പോള്‍ അവ ഭംഗിയായി തുടരാന്‍ ഡോ. കല ഷഹിയുടെ നേതൃത്വം അടുത്ത ഫൊക്കാന ഭരണസമിതിക്ക് ഉണ്ടാകണം. അതിനായി 2024-2026 വര്‍ഷത്തില്‍ ഡോ. കല ഷഹിയുടെ പാനല്‍ വിജയിക്കണമെന്നും രാജു ഏബ്രഹാം പറഞ്ഞു. ബഹുമുഖ പ്രതിഭയായ രാജു എബ്രഹാം ഫൊക്കാന 2024-2026 കാലയളവില്‍ തന്റെ ടീമില്‍ മത്സരിക്കുന്നത് അതിയായ സന്തോഷം ഉളവാക്കുന്നു. കഴിവും പ്രാപ്തിയും പ്രവര്‍ത്തന സന്നദ്ധതയുമുള്ള പ്രവര്‍ത്തകരാണ് ഫൊക്കാനയെ വളര്‍ത്തുന്നത്.

രാജു എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വം തന്റെ ടീമിന് ശക്തി പകരുമെന്ന് ഡോ. കല ഷഹിയും, അദ്ദേഹത്തെപ്പോലെ പ്രവര്‍ത്തന പാരമ്പര്യമുള്ള പൊതുപ്രവര്‍ത്തകര്‍ ഫൊക്കാനയുടെ നേതൃത്വ നിരയിലേക്ക് കടന്നു വരുന്നത് സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സമുവേല്‍ എന്നിവര്‍അറിയിച്ചു.